ഇന്ത്യയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി. അവസാന ഓവറുവരെ വിജയ പ്രതീക്ഷ നൽകിയ ഇന്ത്യ നാല് റൺസിനാണ് ആതിഥേയരോട് കീഴടങ്ങിയത്. മഴമൂലം 17 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഓസ്ട്രേലിയ നേടിയ 158 റൺസ് മഴനിയമപ്രകാരം 174 റൺസ് വിജയലക്ഷ്യമായി പുനർനിശ്ചിയിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ പെട്ടന്ന് തന്നെ ഹിറ്റ്മാൻ രോഹിത്തിനെ നഷ്ടപ്പെട്ട ഇന്ത്യക്ക് തുണയായത് ഓപ്പണർ ശിഖർ ധവാന്റെ പ്രകടനമാണ്. അർദ്ധസെഞ്ചുറി തികച്ച ധവാനാണ് ഇന്ത്യൻ വിജയസാധ്യത നിലനിർത്തിയത്.

ധവാന്റെ അർദ്ധസെഞ്ചുറി നേട്ടത്തോടൊപ്പം തന്നെ വാർത്തകളിൽ ഇടം നേടുകയാണ് താരത്തിന്റെ ആഘോഷവും. ഇന്ത്യൻ ഇന്നിങ്സിന്റെ എട്ടാം ഓവറിലായിരുന്നു ധവാൻ അർദ്ധസെഞ്ചുറി തികച്ചത്. ബെഹ്റേൻഡഫ് എറിഞ്ഞ രണ്ടാം പന്ത് സിക്സർ പായിച്ചതോടെ ധവാന്റെ അക്കൗണ്ടിൽ സ്കോർ 49 ആയി. എന്നാൽ അർദ്ധസെഞ്ചുറി തികച്ചു എന്ന് കരുതി താരം ആഘോഷിച്ചു.

സിക്സിന് പിന്നാലെ ഗ്യാലറിയിലേക്ക് ബാറ്റ് ഉയർത്തി താരം സ്ഥിരം ശൈലിയിൽ അർദ്ധസെഞ്ചുറി നേട്ടം ആഘോഷിക്കുകയായിരുന്നു. എന്നാൽ 49 റൺസെ ആയിട്ടുള്ളു എന്ന് താരം പിന്നീടാണ് മനസിലാക്കിയത്. അതേ സമയം അടുത്ത പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത് താരം അർദ്ധസെഞ്ചുറി തികക്കുകയും ചെയ്തു.

42 പന്തിൽ നിന്നും 76 റൺസാണ് ധവാൻ അടിച്ചുകൂട്ടിയത്. ഇതിൽ 10 ഫോറുകളും രണ്ട് സിക്സറും ഉൾപ്പെടുന്നു. ടി20യിൽ ധവാൻ നേടുന്ന ഒമ്പതാമത്തെ അർദ്ധസെഞ്ചുറി നേട്ടമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook