ബേ ഓവലിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ ഹാർദിക് പാണ്ഡ്യയുടെ ടീമിലേക്കുള്ള മടങ്ങി വരവിലാണ്. ഓൾ റൗണ്ടറായ പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് എത്രത്തോളം ഗുണകരമാണെന്നത് ഇന്നത്തെ മത്സരത്തിൽ പല സന്ദർഭങ്ങളിലും വ്യക്തമായിട്ടുണ്ട്. ഫീൽഡിങ്ങിലെ പാണ്ഡ്യയുടെ മികച്ച പ്രകടനത്തിൽ കിവീസ് നായകനാണ് പുറത്തായത്.

ന്യൂസിലൻഡ് ഇന്നിങ്സിന്റെ 17-ാം ഓവറിലാണ് സംഭവം. ചാഹൽ എറിഞ്ഞ രണ്ടാം പന്ത് ക്രീസിന് പുറത്തേക്കിറങ്ങിയാണ് വില്യംസൺ നേരിട്ടത്. താരത്തിന്റെ ബാറ്റിൽ നിന്നും ലെഗ് സൈഡിലേക്ക് ഉയർന്ന പന്ത് ഹാർദിക് പാണ്ഡ്യ പറന്ന് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. മടങ്ങി വരവിൽ പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്‌ത്തി ബോളിങ്ങിലും താരമായി.

റൺസുകൾ വിട്ടുകൊടുക്കാതെ ശ്രദ്ധയോടെയാണ് പാണ്ഡ്യ ബോളെറിഞ്ഞത്. പക്ഷേ ഒരു ഘട്ടത്തിൽ സഹതാരങ്ങളോട് പാണ്ഡ്യയ്ക്ക് ദേഷ്യപ്പെടേണ്ടതായി വന്നു. ശിഖർ ധവാന്റെ ഫീൽഡിങ്ങിലെ പിഴവു മൂലം ന്യൂസിലൻഡ് അധിക റൺസ് നേടിയപ്പോഴാണ് പാണ്ഡ്യയുടെ നിയന്ത്രണം വിട്ടത്.

മത്സരത്തിലെ 14-ാം ഓവറിലായിരുന്നു സംഭവം. റോസ് ടെയ്‌ലറും കെയ്ൻ വില്യംസണും ആയിരുന്നു ക്രീസിൽ. പാണ്ഡ്യയുടെ ഷോർട് ഡെലിവറി ടെയ്‌ലർ മിഡ് വിക്കറ്റ് ഭാഗത്തേക്ക് അടിച്ചു. ഫീൽഡിങ് പൊസിഷനിലുണ്ടായിരുന്നത് ശിഖർ ധവാനായിരുന്നു. ധവാന്റെ വൈൽഡ് ത്രോ മൂലം കിവീസ് താരങ്ങൾ ഒരു റൺ അധികം ഓടി. ഇതാണ് പാണ്ഡ്യയെ ദേഷ്യം പിടിപ്പിച്ചത്.

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ 244 റൺസിന്റെ വിജയലക്ഷ്യമാണ് ന്യൂസിലൻഡ് ഉയർത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 49 ഓവറിൽ 243 റൺസിന് പുറത്താവുകയായിരുന്നു. അർധ സെഞ്ചുറി നേടിയ റോസ് ടെയ്‍ലറും ടോം ലഥാമുമാണ് കിവീസിനെ വൻതകർച്ചയിൽ നിന്നും രക്ഷിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ