കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ കളിക്കില്ല. അമ്മയ്ക്ക് അസുഖമായതിനാൽ അഞ്ചാം ഏകദിനം കളിക്കുന്ന നാളെ അദ്ദേഹം നാട്ടിലേക്ക് മടങ്ങും. ഇദ്ദേഹത്തിന് പകരം ഇന്ത്യൻ ഇന്നിംഗ്സ് ആര് ഓപ്പൺ ചെയ്യുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മികച്ച ഫോമിലാണ് ശിഖർ ധവാൻ നാല് മത്സരങ്ങളുടെ പരന്പരയിൽ ബാറ്റ് വീശിയത്. നാല് ഇന്നിംഗ്സുകളിൽ നിന്ന് താരം 190 റൺസ് നേടിയിരുന്നു. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർക്ക് പുറകിൽ ഈ പരന്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ശിഖർ ധവാനാണ്.

ആദ്യ ഏകദിനത്തിൽ 90 പന്തിൽ 132 റൺസ് നേടിയ ശിഖർ ധവാന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇതിന് പുറമേ ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരങ്ങളുടെ പരന്പരയ്ക്കും ശിഖർ ധവാനെ തിരിച്ചുവിളിച്ചിരുന്നു.

മൂന്ന് ടെസ്റ്റ് മത്സര പരന്പരയിൽ 358 റൺസ് സ്വന്തം അക്കൗണ്ടിൽ ചേർത്ത് ധവാൻ തന്നെ ഇന്ത്യൻ താരങ്ങളിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമായി. മുരളി വിജയിക്ക് പകരക്കാരനായി ഇറങ്ങിയ ധവാൻ, രണ്ട് ടെസ്റ്റുകളിലെ ആദ്യ ഇന്നിംഗ്സുകളിൽ സെഞ്ച്വറി നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ