കുടുംബത്തിനൊപ്പം ചെലവഴിക്കാൻ കിട്ടുന്ന ഒരു നിമിഷം പോലും ഇന്ത്യൻ താരം ശിഖർ ധവാൻ കളയാറില്ല. മൽസരത്തിനായി വിദേശത്തേക്ക് പോകുമ്പോൾ പലപ്പോഴും തന്റെ കുടുംബത്തെയും ധവാൻ ഒപ്പം കൊണ്ടുപോകാറുണ്ട്. അടുത്തിടെ ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര ടി ട്വന്റി മൽസരത്തിനുശേഷം മടങ്ങിയെത്തിയ ധവാൻ ഉടൻതന്നെ ഓസ്ട്രേലിയയിലേക്ക് പോയി. തന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനായാണ് ധവാൻ അവിടേക്ക് പോയത്.

ഓസ്ട്രേലിയയിലെത്തിയ ധവാൻ മകൻ സൊരാവിന് സർപ്രൈസ് നൽകി ഞെട്ടിച്ചു. സ്കൂളിലെത്തിയാണ് ധവാൻ മകന് സർപ്രൈസ് നൽകിയത്. മകനെ മാത്രമല്ല മകളെയും ധവാൻ ഞെട്ടിച്ചു. അപ്രതീക്ഷിതമായി ധവാനെ കണ്ട മകൾക്ക് അതൊട്ടും വിശ്വസിക്കാനായില്ല. എന്റെ ദൈവമേ.. എന്നു മകൾ ഉച്ചത്തിൽ വിളിച്ചുപോയി. മക്കൾക്ക് സർപ്രൈസ് നൽകിയതിന്റെ വീഡിയോ ധവാൻ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഐപിഎൽ മൽസരത്തിനുളള തയ്യാറെടുപ്പിലാണ് ഇപ്പോൾ ശിഖർ ധവാൻ. സൺറൈഴ്സ് ഹൈദരാബാദിനുവേണ്ടിയാണ് ധവാൻ കളിക്കുന്നത്. ഡൽഹി ഡെയർഡെവിൾസിനുവേണ്ടിയും മുംബൈ ഇന്ത്യൻസിനു വേണ്ടിയും ധവാൻ കളിച്ചിട്ടുണ്ട്. ഏപ്രിൽ 7 നാണ് ഐപിഎൽ 11-ാമത് സീസണിന് തുടക്കമാവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook