സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ ശിഖർ ധവാൻ തന്റെ കടുത്ത ആരാധകനെ കണ്ടുമുട്ടി. ആരാധകനെ കണ്ടുമുട്ടിയതിലുളള സന്തോഷം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ധവാൻ പങ്കുവച്ചിട്ടുണ്ട്. ശങ്കർ എന്ന ആരാധകനാണ് ധവാനെ കാണാനായി കുടുംബത്തോടൊപ്പം ഹൈദരാബാദിൽ എത്തിയത്.
ശങ്കറിന്റെ കുടുംബത്തിനൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ ധവാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധവാന്റെ ഭാര്യ അയേഷ മുഖർജിയും ചിത്രത്തിലുണ്ട്. ഫോട്ടോയ്ക്കൊപ്പം ചെറിയൊരു കുറിപ്പും ധവാൻ എഴുതിയിട്ടുണ്ട്.
”നിന്നെയും നിന്റെ കുടുംബത്തെയും കാണാൻ സാധിച്ചതിൽ എനിക്ക് ആശ്ചര്യം തോന്നുന്നു. ശങ്കർ, എന്റെ കടുത്ത ആരാധകൻ. കുടുംബത്തോടൊപ്പം ബെംഗളൂരുവിൽനിന്നാണ് അദ്ദേഹം എന്നെ കാണാനെത്തിയത്. കുടുംബത്തോടൊപ്പമുളള അദ്ദേഹത്തിന്റെ ആദ്യ വിമാനയാത്രയാണിത്. രാവിലെ വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹം കുടുംബത്തെയും കൂട്ടി നേരെ വന്നത് ഞാൻ താമസിക്കുന്ന ഹോട്ടലിലേക്കായിരുന്നു. എന്റെ സ്റ്റൈലായിരുന്നു ശങ്കറിന്. എന്റെ മകൻ സൊരവറിന്റെ സ്റ്റൈലായിരുന്നു അദ്ദേഹത്തിന്റെ മകന്. എന്നെ ഇത്രമാത്രം ആരാധകർ സ്നേഹിക്കുന്നത് എന്നെ വികാരാധീനനാക്കുന്നു. ശങ്കറിനും എനിക്ക് പിന്തുണ നൽകുന്ന എന്റെ എല്ലാ ആരാധകർക്കും നന്ദി” ധവാൻ ഇൻസ്റ്റഗ്രാമിൽ എഴുതി.
ഐപിഎല്ലിൽ തുടക്കത്തിൽ തന്നെ പരുക്കിന്റെ പിടിയിൽ അകപ്പെട്ട ധവാന് അധിക മൽസരങ്ങളൊന്നും കളിക്കാനായിട്ടില്ല. 8 ഇന്നിങ്സുകളിലായി 185 റൺസാണ് ധവാന്റെ സമ്പാദ്യം.