ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി പുതുവർഷത്തിലെ ആദ്യ എവേ പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. ഓപ്പണർ ശിഖർ ദവാന്റെ പരുക്കാണ് ഇന്ത്യയെ വലയ്ക്കുന്നത്. ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഫീൾഡ് ചെയ്യുന്നതിനിടയിൽ പരുക്കേറ്റ ശിഖർ ധവാൻ ബാറ്റിങ്ങിനെത്തിയിരുന്നില്ല. ഇപ്പോൾ ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും താരത്തെ ഒഴിവാക്കിയിരിക്കുകയാണ്. തിങ്ക്ലാഴ്ച ഓക്‌ലൻഡിലേക്ക് പറന്ന ഇന്ത്യൻ ടീമിനൊപ്പം ധവാനുണ്ടായിരുന്നില്ല.

ന്യൂസിലൻഡിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്നുമാണ് ശിഖർ ധവാനെ ഒഴിവാക്കിയിരിക്കുന്നത്. അഞ്ച് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് കിവികൾക്കെതിരെ ഇന്ത്യ കളിക്കുന്നത്. ജനുവരി 24നാണ് ആദ്യ മത്സരം. നിലവിൽ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നിന്നുമാണ് ശിഖർ ധവാനെ ഒഴിവാക്കിയിരിക്കുന്നതും.

Also Read: അണ്ടർ 19 ലോകകപ്പ്: അഞ്ച് ഓവറിൽ ജപ്പാനെ കീഴ്‌പ്പെടുത്തി ഇന്ത്യ

അതേസമയം ശിഖർ ധവാന്റെ അഭാവത്തിൽ ഇന്ത്യൻ ടീമിലേക്ക് ഒരിക്കൽ കൂടി സഞ്ജു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇത്തവണ സഞ്ജുവിനൊപ്പം മറ്റ് രണ്ട് താരങ്ങൾ കൂടി സെലക്ടർമാരുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത മായങ്ക് അഗവാളും പരുക്കും വിലക്കും കഴിഞ്ഞ് ഗംഭീര ഫോമിൽ തിരിച്ചെത്തിയിരിക്കുന്ന പൃഥ്വി ഷായും.

Also Read: കുതിക്കും ചീറ്റപ്പുലി പോലെ; ലബുഷെയ്നെ പുറത്താക്കാൻ കോഹ്‌ലിയുടെ മാസ്മരിക ക്യാച്ച്, വീഡിയോ

ഏത് റോളിലും തിളങ്ങാൻ സാധിക്കുന്ന കെ.എൽ രാഹുൽ തന്നെയാകും ഇന്ത്യൻ ഓപ്പണറായി എത്തുകയെന്നാണ് വിവരം. അങ്ങനെയെങ്കിൽ മൂന്നാം നമ്പറിലേക്ക് പൃഥ്വി ഷാ, സഞ്ജു സാംസൺ, മായങ്ക് അഗർവാൾ എന്നിവരെ പരിഗണിക്കുമെന്നാണ് കരുതുന്നത്. മനീഷ് പാണ്ഡെ നേരത്തെ തന്നെ ടീമിലിടം ഉറപ്പിച്ചിട്ടുള്ളതിനാൽ പ്ലെയിങ് ഇലവനിലേക്ക് താരത്തെയും പ്രതീക്ഷിക്കാം.

Also Read: കലിപ്പടക്കണം; കണക്ക് പുസ്തകത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ

മടങ്ങി വരവിൽ മൂന്ന് പരമ്പരകൾക്ക് ശേഷമാണ് സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പായിച്ച് താരം ആരാധകരെ ഞെട്ടിച്ചെങ്കിലും അടുത്ത പന്തിൽ പുറത്തായി. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലൻഡിലുള്ള താരത്തിന് ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചതുമില്ല. മറുവശത്ത് പൃഥ്വി ഷാ മിന്നും ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികവാർന്ന പ്രകടനം താരത്തെ ഇന്ത്യ എ ടീമിലെത്തിച്ചു. കഴിഞ്ഞ ദിവസം ന്യൂസിലൻഡ് എയ്ക്കെതിരെ നടന്ന മത്സരത്തിൽ 150 റൺസടിച്ച് ഷാ വരവ് അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook