ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിന്റെ ആദ്യ ദിവസത്തെ താരം ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു. ലഞ്ചിന് പിരിയും മുമ്പു തന്നെ സെഞ്ചുറി നേടിയ ധവാന്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്‌മാനുമായി. ലോകത്തെ ഏറ്റവും മികച്ച ബോളറെന്ന ഖ്യാതിയിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന റാഷിദ് ഖാനെ പോലും കണക്കിന് പ്രഹരിച്ചാണ് ധവാന്‍ സെഞ്ചുറിയിലേക്ക് കുതിച്ചത്.

തങ്ങളുടെ ആദ്യ ടെസ്റ്റ് കളിക്കുകയാണെന്ന ദയ പോലും ധവാന്‍ റാഷിദിനോടും സംഘത്തിനോടും കാണിച്ചില്ലെന്നതാണ് വാസ്‌തവം. വെറും 96 പന്തില്‍ നിന്നുമായിരുന്നു ധവാന്‍ 107 റണ്‍സെടുത്തത്. കൂടുതലും റാഷിദിന്റെ ഓവറുകളിലായിരുന്നു. ലോകോത്തര ബാറ്റ്‌സ്‌മാന്മാരെ അനായാസം കബളിപ്പിക്കുന്ന റാഷിദിനെ എങ്ങനെ ഇത്ര എളുപ്പമായി നേരിട്ടു എന്ന ചോദ്യത്തിന് ധവാന്‍ മറുപടി നല്‍കുകയാണ്.

”കഴിഞ്ഞ രണ്ട് കൊല്ലമായി റാഷിദിനെതിരെ ഞാന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നുണ്ട്. കാരണം ഐപിഎല്ലില്‍ ഞങ്ങള്‍ ഒരേ ടീമിലാണല്ലോ. അവന്റെ ബോളിങ് എനിക്ക് നല്ല പരിചയമാണ്. അത് ഉപകരിച്ചിട്ടുണ്ട്,” മൽസരശേഷം പത്രസമ്മേളനത്തില്‍ ധവാന്‍ പറഞ്ഞു. 154 റണ്‍സായിരുന്നു റാഷിദിനെതിരെ ഇന്ത്യ നേടിയത്. ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതും റാഷിദ് ആയിരുന്നു.

അതേസമയം, കൂറ്റന്‍ സ്‌കോറിലേക്ക് പോവുകയായിരുന്ന ഇന്ത്യയെ പിടിച്ചു കെട്ടിയ അഫ്ഗാന്റെ ബോളിങ്ങിനെ ധവാന്‍ പ്രശംസിക്കുകയും ചെയ്‌തു. അഫ്ഗാന് ഒരുപാട് പഠിക്കാന്‍ ഉണ്ടെന്നും ധവാന്‍ പറഞ്ഞു. രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ എടുത്താണ് അഫ്ഗാന്‍ കൂറ്റന്‍ സ്‌കോര്‍ തടഞ്ഞത്. 474 റണ്‍സിനാണ് ഇന്ത്യ ഓള്‍ ഔട്ടായത്. ഹാർദിക് പാണ്ഡ്യയും ആര്‍.അശ്വിനുമാണ് ഇന്ന് ഇന്നിങ്സ് ആരംഭിച്ചത്.

71 റണ്‍സുമായി ഹാർദിക് പാണ്ഡ്യയാണ് രണ്ടാം ദിനത്തില്‍ തിളങ്ങിയത്. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ 20 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. അവസാന നിമിഷങ്ങളില്‍ 26 റണ്‍സുമായി ഉമേഷ് യാദവും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. മൂന്ന് വിക്കറ്റ് നേടിയ യമിന്‍ അഹ്മദ്സായ് ആണ് അഫ്ഗാന്‍ ബോളിങ് നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 50 കടന്ന അഫ്ഗാന് അഞ്ച് വിക്കറ്റ് നഷ്‌ടമായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook