ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ മൂന്നു ഏകദിനങ്ങളിൽനിന്നും ഓപ്പണർ ശിഖർ ധവാൻ വിട്ടുനിൽക്കുകയാണ്. ഭാര്യ അയേഷ മുഖർജിയുടെ അസുഖത്തെത്തുടർന്നാണ് ധവാൻ മൽസരത്തിൽനിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ധവാന്റെ ആവശ്യം അംഗീകരിച്ച ബിസിസിഐ അതിനുളള അനുവാദവും നൽകി.

സർജറിക്കു വേണ്ടി തയാറെടുക്കുന്ന തന്റെ ഭാര്യയ്ക്ക് കരുത്ത് പകരാൻ താൻ ഒപ്പം വേണമെന്നായിരുന്നു ധവാൻ ആരാധകരോട് അറിയിച്ചത്. ‘ഭാര്യയ്ക്ക് അടുത്ത് ഉണ്ടാകാൻ കഴിയുന്നതിൽ സന്തോഷം. എന്റെ സാമിപ്യം അവൾക്ക് കൂടുതൽ കരുത്ത് പകരും. ഏതാനും ദിവസത്തിനുളളിൽ നടക്കുന്ന സർജറി വിജയിക്കുമെന്നാണ് പ്രതീക്ഷ’യെന്നും ധവാൻ ട്വിറ്ററിൽ കുറിച്ചു. എല്ലാം ശരിയാകുമെന്ന് ആരാധകർ ധവാന്റെ ട്വീറ്റിന് മറുപടി നൽകുകയും ചെയ്തു.

നേരത്തെ അമ്മയുടെ അസുഖത്തെത്തുടർന്ന് ശ്രീലങ്കയിൽ അവർക്കെതിരെ നടന്ന അഞ്ചാം ഏകദിനവും ടി20 മൽസരവും ധവാന് നഷ്ടപ്പെട്ടിരുന്നു.

അഞ്ചു ഏകദിന മൽസരങ്ങളും മൂന്നു ടി2 മൽസരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പര. ആദ്യ മൽസരം ഇന്ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം ഏകദിനം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലും. ഇന്‍ഡോര്‍, ബെംഗളൂരു, നാഗ്പുര്‍ എന്നിവിടങ്ങളില്‍ ബാക്കി ഏകദിനങ്ങളും റാഞ്ചി, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ടി20 യും നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ