ന്യൂഡൽഹി: സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും നിറവിലാണ് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഇപ്പോൾ. അമ്മയുടെ അസുഖ വിവരം അറിഞ്ഞ് നാട്ടിലേക്ക് എത്തിയ ധവാന് ആശ്വസിക്കാം. അമ്മയുടെ ആരോഗ്യ നില കൂടുതൽമെച്ചപ്പെട്ടു. അപകടനില തരണം ചെയ്ത അമ്മയെ ധവാൻ നേരിൽ കണ്ടു. തന്റെ ട്വിറ്റർ പേജിലൂടെയാണ് ധവാൻ അമ്മ സുരക്ഷിതയാണെന്ന വാർത്ത പങ്കുവെച്ചത്.

ശ്രീലങ്കയ്ക്ക് എതിരായ അഞ്ചാം ഏകദിനത്തിന്റെ തലേന്നാണ് അമ്മയുടെ അസുഖവിവരം ധവാൻ അറിയുന്നത്.​ ഉടൻ തന്നെ ബിസിസിഐയുടെ അനുമതി വാങ്ങി ധവാൻ നാട്ടിലേക്ക് തിരിച്ചിരുന്നു. ആശുപത്രിയിൽ എത്തി താരം അമ്മയേയും കണ്ടു. ഇന്നലെ രാത്രിയോടെയാണ് അമ്മയ്ക്കൊപ്പമുള്ള ചിത്രം ധവാൻ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘അമ്മ സുരക്ഷതയാണ്, ആരോഗ്യം വിണ്ടെടുക്കുന്നു, എല്ലാവരുടെയും പ്രാർഥനകൾക്ക് വലിയ നന്ദിയെന്നും ധവാൻ ട്വിറ്ററിൽ കുറിച്ചു.

ധവാൻ ഇല്ലാതെയാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരായ അഞ്ചാം ഏകദിനത്തിൽ കളിച്ചത്. ധവാന് പകരം അജിൻകെ രഹാനെയാണ് ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തത്. അവസാന ഏകദിനത്തിൽ 6 വിക്കറ്റിന് ശ്രീലങ്കയെ കീഴ്പ്പെടുത്തി ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ