ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ആതിഥേയരോട് പരാജയപ്പെട്ടു. നാല് റൺസിനാണ് ഇന്ത്യയുടെ തോൽവി. അവസാന ഓവർ വരെ നീണ്ടുനിന്ന വിജയപ്രതീക്ഷയ്ക്ക് ഒടുവിലാണ് ഇന്ത്യ ഓസ്ട്രേലിയയോട് കീഴടങ്ങിയത്. ഇന്ത്യൻ ഇന്നിങ്സിൽ നിർണ്ണായകമായത് ഓപ്പണർ ശിഖർ ധവാന്റെ അർദ്ധസെഞ്ചുറി പ്രകടനമാണ്.

അർദ്ധസെഞ്ചുറി നേടിയതിന് പിന്നാലെ മറ്റൊരു റെക്കോർഡ് കൂടി ധവാൻ തന്രെ പേരിൽ കുറിച്ചു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായാണ് ധവാൻ മാറിയത്. 2018 ൽ മാത്രം 646 റൺസാണ് ടി20യിൽ ധവാൻ അടിച്ചു കൂട്ടിയത്. റെക്കോർഡിൽ താരം പിന്തള്ളിയത് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയെയും.

2016ൽ കോഹ്‍ലി നേടിയ 641 റൺസാണ് ധവാൻ തിരുത്തിയെഴുതിയത്. ഈ വർഷം തന്നെ 576 റണ്‍സ് നേടിയ പാക്കിസ്ഥാന്‍ താരം ഫഖാര്‍ സമാനും 567 റണ്‍സുമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.

42 പന്തിൽ നിന്നും 76 റൺസാണ് ധവാൻ അടിച്ചുകൂട്ടിയത്. ഇതിൽ 10 ഫോറുകളും രണ്ട് സിക്സറും ഉൾപ്പെടുന്നു. ടി20യിൽ ധവാൻ നേടുന്ന ഒമ്പതാമത്തെ അർദ്ധസെഞ്ചുറി നേട്ടമാണിത്.

നേരത്തെ ടി20 ക്രിക്കറ്റിലെ റൺവേട്ടയിൽ ഹിറ്റ്മാൻ രോഹിത് ശർമ്മ നായകൻ വിരാട് കോഹ്‍ലിയെ മറികടന്നിരുന്നു. 88 മത്സരങ്ങളിൽ നിന്ന് 2214 റൺസ് നേടിയാണ് രോഹിത് ഇന്ത്യൻ താരങ്ങലിൽ മുന്നിൽ നിൽക്കുന്നത്. ആകെ താരങ്ങളുടെ പട്ടികയിൽ ന്യൂസിലൻഡ് താരം ഗുപ്റ്റിലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് രോഹിത്. 63 കളികളിൽ നിന്ന് 2106 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook