ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിനുളള ഇന്ത്യൻ ടീമിന്റെ സെലക്ഷനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. ടീമിൽ 3 മാറ്റങ്ങൾ വരുത്തിയാണ് സെഞ്ചൂറിയനിൽ ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ഓപ്പണർ ശിഖർ ധവാനു പകരം കെ.എൽ.രാഹുലിനെ ടീമിൽ ഉൾപ്പെടുത്തി. ധവാനെ മാറ്റിയ കോഹ്‌ലിയുടെ തീരുമാനത്തെ കടുത്ത ഭാഷയിലാണ് ഗവാസ്കർ വിമർശിച്ചത്.

ശിഖർ ധവാൻ ബലിയാടാണെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു. ”ധവാന്റെ തലയ്ക്കു മുകളിൽ എപ്പോഴും വാളുണ്ട്. ഒരു ഇന്നിങ്സിൽ ധവാന്റെ പ്രകടനം മോശമായാൽ അടുത്ത കളിയിൽ പുറത്താണ് സ്ഥാനം” ഗവാസ്കർ പറഞ്ഞു.

ഭുവനേശ്വർ കുമാറിനു പകരം ഇശാന്ത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയതിനെയും ഗവാസ്കർ വിമർശിച്ചു. ”കേപ്ടൗണിൽ ആദ്യ ദിവസം തന്നെ 3 വിക്കറ്റുകൾ പിഴുത ഭുവനേശ്വർ കുമാറിനു പകരം ഇശാന്ത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച് എനിക്ക് മനസ്സിലായില്ല. ഷമിക്കോ ബുമ്രയ്ക്കോ പകരക്കാരനായി ഇശാന്തിനെ ഉൾപ്പെടുത്തണമായിരുന്നു”.

ഭുനേശ്വർ കുമാറിനെ തഴഞ്ഞത് തന്നെ അതിശയപ്പെടുത്തിയെന്നാണ് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ പറഞ്ഞത്. ആദ്യ ടെസ്റ്റിൽ ബാറ്റിങ്ങിലും ബോളിങ്ങിലും മികവു തെളിയിച്ച കളിക്കാരനാണ് ഭുവി. അങ്ങനെയൊരാളെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നത് തന്നെ അതിശയപ്പെടുത്തിയെന്നും ലക്ഷ്മൺ പറഞ്ഞു.

ഭുവിയെ ഒഴിവാക്കിയ കോഹ്‌ലിയുടെ തീരുമാനത്തെ പരിഹസിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം അലൻ ഡൊണാൾഡും രംഗത്ത് വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ