ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങളിൽ മുതിർന്ന താരം ശിഖർ ധവാൻ ഇന്ത്യ എ ടീമിന്റെ ഭാഗമാകും. ഫോമിൽ തിരിച്ചെത്താൻ താരത്തിന് ലഭിക്കുന്ന അവസരം കൂടിയാണിത്. ലോകകപ്പിൽ പരുക്കേറ്റ് പുറത്തായതിന് ശേഷം ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയ താരത്തിന് വിൻഡീസ് പര്യടനത്തിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. ഏകദിന – ടി20 മത്സരങ്ങളിൽ ഒരേപോലെ റൺസ് കണ്ടെത്താൻ താരം ബുദ്ധിമുട്ടിയിരുന്നു.
വിൻഡീസ് പര്യടനത്തിലെ അഞ്ച് മത്സരങ്ങളിൽ നിന്നായി ആകെ 65 റൺസ് മാത്രമാണ് ഇന്ത്യൻ ഓപ്പണർക്ക് കണ്ടെത്താൻ സാധിച്ചത്. രണ്ട് തവണ മാത്രമാണ് താരം രണ്ടക്കം കടന്നതും. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു റൺസിന് പുറത്തായ ധവാൻ രണ്ടാം മത്സരത്തിൽ 23 റൺസ് നേടി പ്രതീക്ഷ നൽകിയെങ്കിലും അവസാന മത്സരത്തിൽ മൂന്ന് റൺസിന് പുറത്താവുകയായിരുന്നു. ആദ്യ ഏകദിനത്തിൽ രണ്ട് റൺസിന് പുറത്തായ ധവാൻ അടുത്ത മത്സരത്തിൽ 36 റൺസ് മാത്രമാണ് നേടിയത്.
Also Read: അർധസെഞ്ചുറിയുമായി കോഹ്‌ലിയും മായങ്കും; വിൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകുന്നത് മലയാളി താരം സഞ്ജു സാംസണാണ്. മുംബൈ മലയാളി ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്.
അതേസമയം, ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് ഉജ്ജ്വല വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ വിജയം 69 റണ്‍സിനായിരുന്നു. ഇന്ത്യയുയര്‍ത്തിയ 328 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 45 ഓവറില്‍ 258 റണ്‍സാണെടുത്തത്. അഞ്ച് വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ വിജയശില്‍പ്പി.
അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീം: ശ്രേയസ് അയ്യർ (നായകൻ), ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, പ്രശാന്ത് ചോപ്ര, അൻമോൾപ്രീത് സിങ്, റിക്കി ഭുയ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), നിതീഷ് റാണ, വിജയ് ശങ്കർ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ,രാഹുൽ ചാഹർ, ഷാർദുൽ ഠാക്കൂർ, തുഷാർ ദേശ്പാണ്ഡെ, ഇഷാൻ പോരൽ.