കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വാരണാസി സന്ദർശിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിലും കാൽ ഭൈരവ് ക്ഷേത്രത്തിലും ദർശനത്തിനെത്തിയ താരം ഗംഗയിലൂടെ ബോട്ട് യാത്രയും നടത്തിയിരുന്നു. ഇത്തരത്തിൽ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ പക്ഷികൾക്ക് തീറ്റ കൊടുക്കുന്ന ഫൊട്ടോയും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇത് തുഴച്ചിലുകാരന് വിനയായി. ശിഖർ ധവാൻ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ തുഴച്ചിലുകാരനെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പക്ഷിപനി വാരണാസിയിൽ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ പ്രത്യേക മാനദണ്ഡങ്ങൾ സന്ദർശകർക്കായി ഒരുക്കിയിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ബോട്ടിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾ പക്ഷികൾക്ക് ഭക്ഷണം നൽകാൻ പാടില്ലായെന്നത്. ഇത് സംബന്ധിച്ച നിർദേശം തുഴച്ചിലുകാർക്കും നൽകിയിരുന്നു. ഇത് ലംഘിച്ചതിനാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതെന്ന് വാരണാസി ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു.
“ചില ബോട്ടുകാർ ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും അവരുടെ ബോട്ടുകളിലെ വിനോദസഞ്ചാരികൾ പക്ഷികൾക്ക് ഭക്ഷണം നൽകുന്നുണ്ടെന്നും ചില വിവരങ്ങൾ ഉണ്ടായിരുന്നു. അതിനാൽ, ഈ ബോട്ടുകാർക്കെതിരെ നടപടിയുണ്ടാകും. സഞ്ചാരികൾക്ക് ഇതിനെക്കുറിച്ച് അറിവുണ്ടാവുകയില്ല,” കൗശൽ രാജ് വ്യക്തമാക്കി.
Also Read: അതൊരു മാറ്റവുമുണ്ടാക്കില്ല; കുപ്രസിദ്ധമായ അണ്ടർ ആം പന്തിന് കിവികളോട് മാപ്പ് പറയില്ലെന്ന് ചാപ്പൽ
സഞ്ചാരികൾക്കെതിരെ നടപടിയുണ്ടാവുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി. തുഴച്ചിൽകാരനോട് വിശദീകരണം തേടുമെന്നും ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കാൻ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.