ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ 2018-19 സീസണിലെ എ പ്ലസ് ഗ്രേഡ് വാർഷിക കരാറിൽ ശിഖർ ധവാന് സ്ഥാനമില്ല. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര എന്നീ മൂന്നു താരങ്ങൾ മാത്രമാണ് ഇത്തവണ എ പ്ലസ് കാറ്റഗറിയിൽ ഇടം കണ്ടെത്തിയത്. 7 കോടിയുടെ വാർഷിക കരാറാണ് എ പ്ലസ് കാറ്റഗറി. കഴിഞ്ഞ തവണ എ പ്ലസ് കാറ്റഗറിയിൽ ഇടം നേടിയ ശിഖർ ധവാനും ഭുവനേശ്വർ കുമാറും ഇത്തവണ 5 കോടിയുടെ വാർഷിക കരാറായ എ കാറ്റഗറിയിലാണ് ഇടം നേടിയത്.

ടെസ്റ്റിലെ മോശം പ്രകടനമാണ് ധവാനെ ഇത്തവണ എ പ്ലസ് കാറ്റഗറിയിൽനിന്നും പുറത്താക്കിയത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ നാലു ടെസ്റ്റ് മത്സരങ്ങളാണ് ധവാൻ കളിച്ചത്. ഇതിൽനിന്നും 20.25 ശരാശരിയിൽ ആകെ 162 റൺസായിരുന്നു ധവാന്റെ സമ്പാദ്യം.

റിഷഭ് പന്ത് ആണ് ഇത്തവണ നേട്ടം കൊയ്ത താരം. പന്ത് എ കാറ്റഗറിയിലാണ് ഇടം നേടിയത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. 9 മത്സരങ്ങളിൽനിന്നായി 696 റൺസായിരുന്നു പന്ത് നേടിയത്. പന്തിന്റെ രണ്ടു ടെസ്റ്റ് സെഞ്ചുറികളും വിദേശത്തായിരുന്നു. ഓവലിൽ 114 റൺസും സിഡ്‌നിയിൽ 159 റൺസുമായിരുന്നു പന്ത് സ്വന്തമാക്കിയത്. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ പന്ത് ഇടം കണ്ടെത്തുമെന്ന് ഏറെക്കുറെ ആരാധകർ ഉറപ്പിച്ചിട്ടുണ്ട്.

ഹാർദിക് പാണ്ഡ്യും കെ.എൽ.രാഹുലും ബി കാറ്റഗറി നിലനിർത്തി. ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടപടി നേരിട്ടതാണ് മൂന്നു ഫോർമാറ്റിലും മികച്ച ഫോം കാാഴ്ച വച്ചിട്ടും ഹാർദിക് പാണ്ഡ്യയുടെ കാറ്റഗറി ഉയരാത്തത് കാരണമെന്നാണ് കരുതുന്നത്. 3 കോടിയുടെ വാർഷിക കരാറാണിത്. 25 താരങ്ങൾക്കാണ് ബിസിസിഐ കരാർ നൽകിയത്. വനിതാ താരങ്ങളിൽ 20 പേർക്കാണ് കരാർ ലഭിച്ചത്.

ഗ്രേഡ് എ പ്ലസ് (7 കോടി): വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര

ഗ്രേഡ് എ (5 കോടി): രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, ശിഖർ ധവാൻ, മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, കുൽദീപ് യാദവ്, റിഷഭ് പന്ത്

ഗ്രേഡ് ബി (3 കോടി): കെ.എൽ. രാഹുൽ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഹാർദിക് പാണ്ഡ്യ

ഗ്രേഡ് സി (1 കോടി): കേദാർ ജാദവ്, ദിനേശ് കാർത്തിക്, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡ്യ, ഹനുമ വിഹാരി, ഖലീൽ അഹമ്മദ്, വൃദ്ധിമാൻ സാഹ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ