ലണ്ടൻ: പുതിയൊരു റെക്കോർഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണറായ ശിഖർ ധവാൻ. ഐസിസി ഏകദിന ടൂർണമെന്റുകളിൽ വേഗത്തിൽ ആയിരം റൺസ് തികയ്‌ക്കുന്ന താരമെന്ന റെക്കോർഡാണ് ധവാൻ സ്വന്തം പേരിലാക്കിയത്. പതിനാറ് ഇന്നിംങ്ങ്സുകളിൽ നിന്നാണ് ധവാൻ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ധവാൻ മറികടന്നത് സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ്. പതിനെട്ട് ഇന്നിംങ്ങ്സുകളിൽ നിന്നാണ് സച്ചിൻ 1000 തികച്ചത്.

ചാമ്പ്യൻസ് ട്രോഫിയിലെ നിർണായകമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്‌ച വെച്ചതിന് പുറമെയാണ് പുതയ റെക്കോർഡ് ധവാനെ തേടിയെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 78 റൺസ് ധവാൻ നേടിയിരുന്നു. ഇന്ത്യൻ വിജയത്തിന് അടിത്തറ നൽകിയത് ധവാന്റെ പ്രകടനമായിരുന്നു.

ഇംഗ്ളണ്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഉജ്വല ഫോമിലാണ് ധവാനുളളത്. മൂന്ന് മത്സരങ്ങളിൽ 68,125,78 എന്നിങ്ങനെയാണ് ധവാന്റെ സ്‌കോറുകൾ. ശ്രീലങ്കയ്‌ക്കെതിരെയായിരുന്ന ധവാന്റെ 125 റൺസ് പ്രകടനം. കഴിഞ്ഞ ചാമ്പ്യൻസ്ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു ധവാൻ കാഴ്‌ച വെച്ചത്.

ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ സെമിയിൽ കടന്നിരുന്നു.ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് അടിപതറിയതോടെ 44.3 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ കളിക്കാരെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ വിരാട് കോഹ്ലി 101 പന്തില്‍ 76 റണ്‍സ് നേടി. ശിഖര്‍ ധവാന്റെ 78 റണ്‍സ് പ്രകടനമാണ് ഇന്ത്യയ്ക്ക് അടിത്തറ നല്‍കിയത്. പിന്നാലെ കോഹ്ലിയും ക്രീസില്‍ തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ വിജയം അനായാസമായി. 12 റണ്‍സെടുത്ത് രോഹിത് ശര്‍മ്മ പുറത്തായപ്പോള്‍ 23 റണ്‍സുമായി യുവരാജ് സിംഗ് ക്രീസില്‍ തുടര്‍ന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ