ഓവല്‍: ലോകകപ്പിലെ രണ്ടാം മത്സരത്തിലേക്ക് എത്തുമ്പോള്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ തലവേദനകളിലൊന്നിന് കൂടി ഉത്തരം കണ്ടെത്തിയിരിക്കുന്നു. ടൂര്‍ണമെന്റിന് മുമ്പ് നടന്ന പരിശീലന മത്സരത്തിലടക്കം ഇന്ത്യ പഴികേട്ടത് ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഫോമിനെ ചൊല്ലിയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിലും ധവാന് തിളങ്ങാനായിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തിലേക്ക് എത്തിയപ്പോള്‍ വിമര്‍ശകര്‍ക്കെല്ലാം വായടച്ച മറുപടി നല്‍കി കൊണ്ട് ധവാന്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ്.

ധവാന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ 352 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ ആണ് ഉയര്‍ത്തിയിരിക്കുന്നത്. ഓപ്പണര്‍ രോഹിത് ശര്‍മ്മയുമൊത്ത് മികച്ച തുടക്കമാണ് ധവാന്‍ ഇന്ത്യയ്ക്ക് നല്‍കിയത്. പതിവിന് വിപരീതമായ ധവാന്‍ കൂടുതല്‍ ആക്രമകാരിയും രോഹിത് ശാന്തനായുമാണ് ഇന്ന് കളി തുടങ്ങിയത്. ധവാന്‍ തന്നെയാണ് ആദ്യം അര്‍ധ സെഞ്ചുറി നേടിയതും. എന്നാല്‍ 57 റ്ണ്‍സുമായി രോഹിത് പുറത്തായി. ഇരുവരും ചേര്‍ന്ന് 127 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

രോഹിത് പുറത്തായെങ്കിലും ധവാന്‍ ശൈലി മാറ്റിയില്ല. മൂന്നാമനായി നായകന്‍ വിരാട് കോഹ് ലിയും കൂടെ ചേര്‍ന്നതോടെ സ്‌കോര്‍ വീണ്ടും ഉയര്‍ന്നു. വിരാടിനെ കാഴ്ചക്കാരാനാക്കി കൊണ്ട് ധവാന്‍ തന്റെ 17-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. 109 പന്തുകള്‍ നേരിട്ട ധവാന്‍ 117 റണ്‍സുമായാണ് പുരത്തായത്. 37-ാം ഓവറില്‍ സ്റ്റാര്‍ക്കാണ് വിലപ്പെട്ട വിക്കറ്റ് നേടിയത്. പക്ഷെ അതിനോടകം തന്നെ 33 കാരനായ താരം നിരവധി റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചിരുന്നു.

ഓവലില്‍ അഞ്ച് തവണ കളിച്ചിട്ടുള്ള ധവാന്‍ മൂന്നാം തവണയാണ് സെഞ്ചുറി നേടുന്നത്. നാലാം തവണയാണ് 50 ല്‍ കൂടുതല്‍ റണ്‍സ് നേടുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഫോമിലേക്ക് ഉയരുന്ന പതിവ് തുടര്‍ന്ന ധവാന്‍ ഇത് ആറാം തവണയാണ് ഐസിസി ഏകദിന ടൂര്‍ണമെന്റില്‍ സെഞ്ചുറി നേടുന്നത്. ഇതോടെ റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര എന്നിവര്‍ക്കൊപ്പമെത്തി ധവാന്‍. മുന്നിലുള്ളത് ഏഴ് സെഞ്ചുറികളുള്ള സച്ചിനും ഗാംഗുലിയും മാത്രമാണ്.

ധവാന്റെ സെഞ്ചറിയോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. ലോകകപ്പില്‍ മാത്രമായി ഇന്ത്യയ്ക്ക് 27 സെഞ്ചുറികളുണ്ട്. പിന്നിലാക്കിയത് 26 സെഞ്ചുറികളുള്ള ഓസ്‌ട്രേലിയയേയും 23 സെഞ്ചുറികളുള്ള ശ്രീലങ്കയേയുമാണ്. കൂടാതെ ഇംഗ്ലീഷ് മണ്ണില്‍ നാല് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി മാറി ധവാന്‍.

ഇംഗ്ലണ്ടില്‍ അതിവേഗം 1000 റണ്‍സ് കടക്കുന്ന താരമെന്ന നേട്ടവും ഇനി ധവാന് സ്വന്തം. 19 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഗബ്ബര്‍ സിങ് ഈ നേട്ടത്തിലെത്തിയത്. ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഏറ്റവും ഉയര്‍ന്ന മൂ്ന്നാമത്തെ സ്‌കോറാണ് ധവാന്റെ 117 റണ്‍സ്. ഈ ലോകകപ്പില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഓപ്പണറുമായി ധവാന്‍. കഴിഞ്ഞ ദിവസം സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ജെയ്‌സണ്‍ റോയിയാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook