അമ്മയാകുന്നത് ഏറെ അഭിമാനമായി കാണുന്നവരാണു ഭൂരിഭാഗം സ്ത്രീകളും. എന്നാൽ പലപ്പോഴും അമ്മയാകുന്ന കാലഘട്ടം സ്ത്രീയുടെ ജീവതത്തിൽ ഒരിടവേളയിടാറുണ്ട്. തന്റെ കുട്ടിക്കു വേണ്ടി പലതും വേണ്ടെന്നുവക്കാറുണ്ട്. ജീവിതത്തിന്റെ വേഗത തന്നെ കുറയുന്ന സമയം. എന്നാൽ ജമൈക്കക്കാരി ഷെല്ലി ആൻ ഫ്രേസർ ഇതെല്ലാം തിരുത്തിക്കുറിക്കുന്നു. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ ഒരിക്കൽ കൂടി ഷെല്ലി വേഗറാണിയായിരിക്കുന്നു. മുമ്പ് മൂന്നു തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇത്തവണത്തെ സുവർണ നേട്ടത്തിനു പകിട്ട് കൂടും.
രണ്ടു കാരണങ്ങളാണു ദോഹ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ ഷെല്ലി നേടിയ 100 മീറ്റർ സ്വർണം കൂടുതൽ വിലമതിപ്പുള്ളതാകുന്നത്. അമ്മയായശേഷമുള്ള ഷെല്ലിയുടെ ട്രാക്കിലെ ആദ്യ സുവർണനേട്ടമായിരുന്നു ദോഹ അത്ലറ്റിക് ചാംപ്യൻഷിപ്പിലേത്. ഒരു സ്ത്രീ അമ്മയായതിനു ശേഷം ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്നത് ഇതാദ്യമാണ്. ഒപ്പം തന്റെ 32-ാം വയസിലാണു ഷെല്ലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന പ്രായം കൂടിയ വനിതാ താരമായും ഇനി ഷെല്ലി അറിയപ്പെടും.
വേഗമേറിയ താരത്തെ കണ്ടെത്തുന്ന 100 മീറ്റര്‍ ഓട്ടത്തില്‍ 10.71 സെക്കന്‍ഡ് കൊണ്ടാണു ഷെല്ലി ലക്ഷ്യം താണ്ടിയത്. സെമി ഫൈനലില്‍ 10.81 സെക്കന്‍ഡും ആദ്യ റൗണ്ടില്‍ 10.80 സെക്കന്‍ഡുമായിരുന്നു മുപ്പത്തിരണ്ടുകാരിയായ ഷെല്ലി ആന്‍ഫ്രേസര്‍ കുറിച്ച സമയം. എട്ടാം ലോക കിരീടമാണ് ആന്‍ ഫ്രേസര്‍ നേടിയത്. ഇതോടെ നൂറു മീറ്ററില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടുന്ന വനിതാ താരമെന്ന ബഹുമതി ആന്‍ ഫ്രേസര്‍ സ്വന്തമാക്കി.
ഷെല്ലി സ്വര്‍ണമണിയുമ്പോള്‍ രണ്ടുവയസ്സുകാരനായ മകന് സ്യോണ്‍ കാണികളിലൊരാളായുണ്ടായിരുന്നു. അതിവേഗം വിജയത്തിലേക്ക് ഓടിക്കയറിയ ഷെല്ലി ട്രാക്കില്‍ വച്ചുതന്നെ സ്യോണിനെ വാരിപ്പുണര്‍ന്നു. ഇതു മാതൃത്വത്തിന്റെ വിജയമെന്നായിരുന്നു ഫ്രേസറുടെ ആദ്യ പ്രതികരണം. ‘മമ്മി റോക്കറ്റ്’ എന്നാണിപ്പോള്‍ ഫ്രേസറുടെ വിളിപ്പേര്.
ജമൈക്കയുടെ കിങ്സറ്റണിൽ 1986 ഡിസംബർ 27നാണു ഷെല്ലി ആൺ ഫ്രെയ്സറഉടെ ജനനം. 21 വയസുള്ളപ്പോൾ 2008ലാണു ഷെല്ലിയുടെ പേര് അത്ലറ്റിക് ലോകത്ത് സ്ഥാനമുറപ്പിക്കുന്നത്. 2008 ബീജിങ് ഒളിമ്പിക്സിന്റെ നൂറു മീറ്ററിൽ സ്വർണം നേടി ആ നേട്ടത്തിലെത്തുന്ന ആദ്യ ജമൈക്കൻ വനിതയായി താരം. 2012 ലണ്ടൺ ഒളിമ്പിക്സിലും താരം നേട്ടം ആവർത്തിച്ചതോടെ തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ വേഗറാണിയായി ഓടിയെത്തിയ മൂന്നാമത്തെ വനിതാ താരമായും ഷെല്ലി മാറി. 2016 റിയോ ഒളിമ്പിക്സിൽ ഷെല്ലി ഫിനിഷ് ചെയ്തത് മൂന്നാമത്. എന്നാൽ ആ വെങ്കല നേട്ടവും ചരിത്രത്തിന്റെ ഭാഗമായി. തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകളിൽ 100 മീറ്ററിൽ മെഡൽ നേടുന്ന ആദ്യ വനിത താരമായാണു ഷെല്ലി ഫിനിഷ് ചെയ്തത്.
നാലു തവണയാണു ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ ഷെല്ലി വേഗറാണിയായത്. 2009, 2013, 2015, 2019 വർഷങ്ങളിലാണു ഷെല്ലി ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിന്റെ 100 മീറ്ററിൽ സുവർണം നേട്ടം സ്വന്തമാക്കിയത്. ഒരു ചാംപ്യൻഷിപ്പിൽ 100 മീറ്ററിലും 200 മീറ്ററിലും 4×100 മീറ്റർ റിലേയിലും സ്വർണം നേടുന്ന ആദ്യ വനിത താരവും ഷെല്ലി തന്നെ. 2013ൽ 60 മീറ്ററിലും 100 മീറ്ററിലും 200 മീറ്ററിലും 4×100 മീറ്റർ റിലേയിലും ഷെല്ലി സ്വർണമണിഞ്ഞു.
പോക്കറ്റ് റോക്കറ്റ് ഇനി മുതൽ മമ്മി റോക്കറ്റാണ്. തന്റെ മുടിയിൽ നിറച്ചിരിക്കുന്ന നിറക്കൂട്ടുകൾ ജീവിതത്തിലും ഉണ്ടെന്ന് തെളിയിക്കുകയാണവർ. കരിയർ അവസാനിച്ചു എന്ന വിമർശകർ വാദിക്കുന്നതിനിടയിലാണു ഷെല്ലി വീണ്ടും ഒരു കാലം ബാക്കിയുണ്ടെന്നു വിളിച്ചുപറയുന്നത്. തന്റെ കുതിപ്പിലൂടെ അതിന് ഉറപ്പിക്കുകയും ചെയ്യുന്നു.
Also Read: ‘ട്രാക്കിലെ പൊന്നമ്മമാര്‍’; ദോഹയില്‍ ചരിത്രം കുറിച്ച അമ്മമാര്‍
ഷെല്ലിയോടൊപ്പം തന്നെ ദോഹ അത്ലറ്റിക് മീറ്റിൽ ചേർത്തു വായിക്കേണ്ട രണ്ട് അമ്മമാരുടെ പേരുകൾ കൂടിയുണ്ട്. അമേരിക്കയുടെ അല്ലിസണ് ഫെലിക്സ്, ലിയു ഹോങ് എന്നിവരായിരുന്നു കാണികളെ വിസ്മയിപ്പിച്ച ആ അമ്മമാര്‍.
ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് മറികടന്നാണ് അമേരിക്കന്‍ വനിതാ താരം അലിസണ് ഫെലിക്സ് താരമാകുന്നത്. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 12-ാം സ്വര്‍ണം സ്വന്തമാക്കിയ അലിസണ് ഏറ്റവും കൂടുതല്‍ തവണ ലോക മീറ്റില്‍ സ്വര്‍ണമണിയുന്ന താരമായി മാറി. അമ്മയായ ശേഷമുള്ള അലിസണിന്റെ ആദ്യ സുവര്‍ണ നേട്ടമാണിത്. 4ത400 മീറ്റര്‍ മിക്സഡ് റിലേയില്‍ അലിസണ് ഉള്‍പ്പെട്ട ടീം സ്വര്‍ണം സ്വന്തമാക്കി. ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന്റെ അക്കൗണ്ടിലുള്ളത് 11 സ്വര്‍ണ മെഡലുകളാണ്.
Also Read: ‘മായങ്കജാലം’; കന്നി സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കി മായങ്ക്, ചരിത്രം വഴി മാറി
2016ലെ റിയോ ഒളിമ്പിക്സിനു ശേഷമാണു ചൈനയുടെ ലിയു ഹോങ് കളം വിട്ടത്. അടുത്തവര്‍ഷം മകനു ജന്മം നല്കി. പിന്നാലെ മൂന്നുവര്‍ഷത്തെ ഇടവേള. അവിടെനിന്നു ദോഹയിലെ കൊടുംചൂടിലേക്ക്. ഇവിടെ നേടിയതു മൂന്നാം ലോകകിരീടം. രണ്ടുവയസുകാരന് മകന് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ വീട്ടിലിരുന്നാണ് അമ്മയുടെ പ്രകടനം കണ്ടത്. ലിയുവിന് അഭിമാനിക്കാന്‍ മറ്റൊരു വക കൂടിയുണ്ട്. 20 കിലോമീറ്റര്‍ നടത്തത്തില്‍ മൂന്നു മെഡലും നേടിയത് ചൈനയാണ്. അത് റെക്കോഡാണ്.