ക്രിക്കറ്റിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായകരമായത് മഹേന്ദ്ര സിങ് ധോണിയുടെ ഉപദേശമാണെന്ന് ശ്രേയസ് അയ്യർ. 2018 ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ നായക സ്ഥാനം ഏറ്റെടുത്ത ഈ 23 കാരൻ ഐപിഎല്ലിലെ തന്റെ വളർച്ചയെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

ഇന്ത്യൻ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ധോണി ആവശ്യപ്പെട്ടത് പത്രവായന നിർത്താനും സോഷ്യൽ മീഡിയ കഴിവതും ഒഴിവാക്കാനുമാണെന്ന് താരം പറഞ്ഞു.

“ഇന്ത്യൻ ടീമിൽ ഞാൻ ചേർന്ന ശേഷം ധോണി എന്നോട് പത്രവായന നിർത്തണമെന്നും സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണം എന്നും ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ എന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിരുന്നു. ഞാനത് കുറയ്ക്കാൻ പരമാവധി ശ്രമിച്ചു. പക്ഷെ എന്റെ വളർച്ചയ്ക്ക് എപ്പോഴും ഊർജ്ജം നൽകുന്നത് വിമർശനമാണ്,” അയ്യർ പറഞ്ഞതായി വാർത്ത ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ കളിക്കളത്തിലെ വളർച്ചയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വരുത്താൻ മറ്റൊരു കാരണം കൂടിയുണ്ടെന്ന് താരം പറഞ്ഞു. “ഐപിഎൽ താരലേലത്തിന്റെ വാർത്ത പുറത്തുവന്നതിന്റെ പിന്നാലെ ഒരു പെൺകുട്ടി എനിക്ക് തുടർച്ചയായി മെസേജ് അയക്കാൻ തുടങ്ങി. അവരെ എനിക്ക് നേരത്തെ അറിയാമായിരുന്നു. എന്തുകൊണ്ടാണിങ്ങനെ അക്ഷമയായി മെസേജ് അയയ്ക്കുന്നത് എന്ന് ഞാനവളോട് ചോദിച്ചു. എന്റെ വളർച്ചയിൽ വളരെയധികം സന്തോഷം തോന്നിയിട്ടാണെന്ന് അവൾ പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസിലായത്, എന്നെ അറിയുന്നതിലല്ല, എന്റെ പണത്തിലായിരുന്നു അവളുടെ നോട്ടം എന്ന്,” അയ്യർ പറഞ്ഞു.

ഇക്കഴിഞ്ഞ ഐപിഎല്ലിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. 14 ഇന്നിങ്സുകളിൽ 411 റൺസ് നേടിയ താരം 132 റൺസ് സ്ട്രൈക് റേറ്റിലാണ് ബാറ്റ് വീശിയത്. എന്നിട്ടും ഡൽഹിയുടെ പോരാട്ടം ഏറ്റവും അവസാന സ്ഥാനക്കാരായി അവശേഷിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ ആറ് ഏകദിന മത്സരങ്ങൾ കളിച്ച അയ്യർ ഇതുവരെ 210 റൺസാണ് നേടിയത്. 42 റൺസ് ശരാശരിയിൽ ബാറ്റ് വീശിയ താരം രണ്ട് അർദ്ധശതകവും നേടി. ആറ് ടി20 മത്സരങ്ങളിൽ ഇന്ത്യൻ തൊപ്പി അണിഞ്ഞ താരത്തിന് പക്ഷെ രാജ്യാന്തര വേദിയിൽ മികവ് തെളിയിക്കാനായില്ല. ഇതുവരെ 83 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായുളളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook