ഇസ്‌ലാമാബാദ്: ക്രിക്കറ്റ് മത്സരത്തിനിടെ ഒത്തുകളിച്ച പാക്ക് ദേശീയ താരത്തിന് 5 വർഷത്തെ വിലക്ക്. പാക്കിസ്ഥാന്റെ ഓപ്പണിങ് ബാറ്റ്സ്മാൻ ആയിരുന്ന ഷർജീൽ ഖാനെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് 5 വർഷത്തേക്ക് വിലക്കിയത്. ഈ വർഷം ആദ്യം നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെയാണ് ഷർജീൽ ഒത്തുകളിച്ചത്.

പാക്ക് ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ സമിതി നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷമാണ് ഷർജീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ 5 വർഷത്തേക്ക് താരത്തെ വിലക്കുന്നുവെന്നും രണ്ടര വർഷത്തേക്ക് ക്രിക്കറ്റിലെ ഒരു മത്സരത്തിലും താരത്തിന് പങ്കെടുക്കാൻ കഴിയില്ലെന്നും പിസിബി വക്താവ് അഷ്ഗാറ്റ് ഹൈദർ അറിയിച്ചു.

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ വ്യാപകമായ വാതുവെയ്പ്പും, ഒത്തുകളിയും നടക്കുന്നുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ദേശീയ താരങ്ങളായ നാസിർ ജംഷദിനെയും, മുഹമ്മദ് ഇർഫാനേയും പിസിബി നേരത്തെ വിലക്കിയിരുന്നു. ഇരുവർക്കും 6 മാസത്തെ വിലക്കാണ് പിസിബി വിധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ