scorecardresearch
Latest News

ശാസ്ത്രിയുടെ ഉപദേശം അവഗണിച്ച് താക്കൂർ; ഡ്രിങ്ക്സ് ബ്രേക്കിനിടയിലെ നാടകീയ സംഭവങ്ങൾ

മുഖ്യ പരിശീലകനായ രവി ശാസ്ത്രി അശ്വിനോടും വിഹാരിയോടും പറയുന്നതിനായി താക്കൂറിനെ ഒരു കാര്യം പറഞ്ഞേൽപ്പിച്ചു. എന്നാൽ എല്ലാം കേട്ട താരം മൈതാനത്ത് എത്തിയപ്പോൾ അത് പറഞ്ഞില്ല

India, Australia, cricket, ie malayalam

ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയം നേടിയാണ് ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങിയെത്തിയത്. പലപ്പോഴും കൈവിട്ടുപോയെന്ന് തോന്നിയ മത്സരം അനായാസം ഇന്ത്യ തിരിച്ചു പിടിക്കുകയായിരുന്നു. ഓരോ മത്സരങ്ങൾ വീതം ജയിച്ച് പരമ്പര സമനിലയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് സിഡ്നിയിൽ ഇരു ടീമുകളും നേർക്കുനേർ എത്തുന്നത്. ഒരു ഘട്ടത്തിൽ പരാജയമുറപ്പിച്ച ഇടത്തു നിന്ന് വിജയത്തിന്റെ വിലയുള്ള സമനിലയുമായാണ് ഇന്ത്യ മത്സരത്തിലേക്ക് മടങ്ങിയെത്തിയത്, പരമ്പരയിലേക്കും. അവസാനം വരെ വിക്കറ്റ് കാത്ത അശ്വിനും വിഹാരിയും ഇന്ത്യൻ ടീമിനായി പുറത്തെടുത്ത പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇരുവരുടെയും കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് തുണയായത്.

വിഹാരിയും അശ്വിനും ബാറ്റ് ചെയ്യുന്നതിനിടയിൽ ഡ്രെസിങ് റൂമിലും ഫീൽഡിലുമായി നടന്ന രസകരമായ സംഭവത്തെക്കുറിച്ച് അശ്വിൻ കഴിഞ്ഞ ദിവസം വാചാലനായി. ഫീൽഡിങ് പരിശീലകൻ ആർ.ശ്രീധറാണ് കാര്യം വിവരിച്ചത്. മുഖ്യ പരിശീലകനായ രവി ശാസ്ത്രി അശ്വിനോടും വിഹാരിയോടും പറയുന്നതിനായി താക്കൂറിനെ ഒരു കാര്യം പറഞ്ഞേൽപ്പിച്ചു. എന്നാൽ എല്ലാം കേട്ട താരം മൈതാനത്ത് എത്തിയപ്പോൾ അത് പറഞ്ഞില്ല.

Also Read: ആറ് ഇന്ത്യൻ താരങ്ങൾക്ക് എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

സംഭവത്തെക്കുറിച്ച് ശ്രീധർ പറയുന്നത് ഇങ്ങനെ, “രവി ശാസ്ത്രിക്ക് വ്യക്തമായ ഒരു കാര്യം ക്രീസിലുള്ളവരെ അറിയിക്കാനുണ്ടായിരുന്നു. അദ്ദേഹം താക്കൂറിനെ വിളിച്ചു. എന്നിട്ട് താൻ പറയുന്ന കാര്യം കൃത്യമായി അവരോട് പറയണമെന്ന് ആവശ്യപ്പെട്ടു. എന്താണ് പറയേണ്ടത് താക്കൂർ ചോദിച്ചു. അശ്വിൻ ഈ വശത്ത് നിന്നും വിഹാരി മറുവശത്ത് നിന്നും ബാറ്റ് ചെയ്യണമെന്ന് പറയണം. നഥാൻ ലിയോണിനെതിരെ ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ അശ്വിനാണ്. വിഹാരി സ്റ്റാർക്കിനെയും കമ്മിൻസിനെയും നന്നായി നേരിടുന്നുണ്ട്. അത് തുടരാൻ പറയണമെന്നും ശാസ്ത്രി പറഞ്ഞു.”

Also Read: ഏകദിന-ടി20 ലോകകപ്പ് നേടാനായില്ലെങ്കിൽ വിരാട് കോഹ്‌ലിക്ക് നായകസ്ഥാനം ഒഴിയേണ്ടി വരും: മോണ്ടി പനെസർ

എല്ലാം കേട്ട ശേഷം ഡ്രിങ്ക്സ് ബ്രേക്കിൽ ഫീൽഡിലേക്ക് ഓടിചെന്ന താക്കൂർ എന്നാൽ അവരോട് പരിശീലകൻ പറഞ്ഞതൊന്നും പറയാൻ തയ്യാറായില്ല. തങ്ങൾ പറയാൻ ആവശ്യപ്പെട്ടപ്പോൾ ഡ്രെസിങ് റൂമിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നിങ്ങളോട് പറയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ താക്കൂർ എന്നാൽ താൻ ഒന്നും പറയില്ലെന്ന് വ്യക്തമാക്കിയതായും അശ്വിൻ പറഞ്ഞു. നിങ്ങൾ നന്നായി കളിക്കുന്നുണ്ടെന്നും അത് തുടർന്നാൽ മാത്രം മതിയെന്നുമായിരുന്നു താക്കൂർ അവരോട് പറഞ്ഞത്.

എന്തൊക്കെയാണെങ്കിലും 40 ഓവർ ക്രീസിൽ നിലയുറപ്പിച്ച ഇരുവരും ഇന്ത്യയ്ക്ക് സമനില നേടിത്തന്നു. അവസാന മത്സരത്തിൽ ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയെ തകർത്ത സന്ദർശകർ 2-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Shardul thakur decided not to share ravi shastris advice with ravi ashwin and hanuma vihari