വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് 2019 അവസാനിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 എന്ന നിലയിലാണ് ഇന്ത്യ സ്വന്തമാക്കിയത്. കട്ടക്കില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഷാര്‍ദുല്‍ ഠാക്കൂര്‍. ആറു പന്തില്‍ നിന്ന് 17 റണ്‍സാണ് ഷാര്‍ദുല്‍ പുറത്താകാതെ നേടിയത്.
മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന വിരാട് കോഹ്ലി പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഇതിനു പിന്നാലെയാണ് ഷാര്‍ദുല്‍ ക്രീസിലെത്തിയത്. ഒരു സിക്സും രണ്ട് ഫോറും അടങ്ങിയ ഇന്നിങ്സായിരുന്നു ഷാര്ദുലിന്റേത്. ബാറ്റ് ചെയ്യാന്‍ കളത്തിലിറങ്ങും മുന്‍പ് ഡ്രെസിങ് റൂമില്‍ നടന്ന സംസാരത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് ഷാര്‍ദുല്‍ ഠാക്കൂര്‍.
Read Also: പടച്ചോൻ ഒട്ടും വെളിച്ചം കാണിക്കാത്ത ആറു മാസം ജീവിതത്തിലുണ്ടായിരുന്നു: ഷെയ്ൻ നിഗം
“കോഹ്ലി പുറത്തായ ശേഷമാണ് ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ പരിശീലകന് രവി ശാസ്ത്രി കളി ജയിക്കണമെന്നാണ് എന്നോട് പറഞ്ഞത്. എന്റെ ഉത്തരവാദിത്തെക്കുറിച്ച് അദ്ദേഹം എന്നെ ഓര്‍മിപ്പിച്ചു. കളി ജയിപ്പിച്ച ശേഷം വന്നാല്‍ മതിയെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. കളി വിജയിപ്പിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നും ശാസ്ത്രി പറഞ്ഞു. ക്രീസിലെത്തി ആദ്യ പന്ത് നേരിടുമ്പോള്‍ എങ്ങനെയെങ്കിലും ഒരു സിംഗിള്‍ എടുത്ത് ജഡേജയ്ക്ക് സ്ട്രൈക് കൈമാറാനാണ് വിരാട് കോഹ്ലി പറഞ്ഞത്. എന്നാല്‍, ആദ്യ പന്ത് ഞാന്‍ ഫോറടിച്ചു. ഞാന്‍ ബൗണ്ടറി നേടിയപ്പോള്‍ ജഡേജയുടെ സമ്മര്‍ദം കുറയുകയും ചെയ്തു” ഷാര്‍ദുല്‍ പറഞ്ഞു.
വിരാട് കോഹ്ലി നല്ല രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടി വരില്ല, കോഹ്ലി കളി അവസാനിപ്പിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍, കോഹ്ലി പുറത്തായപ്പോള്‍ എനിക്ക് ഇറങ്ങേണ്ടി വന്നു. നന്നായി കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഷാർദുൽ പറഞ്ഞു.
Read Also: പതിറ്റാണ്ടിന്റെ ഏകദിന-ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ
പരമ്പര വിജയികളെ തീരുമാനിക്കുന്ന വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത് വിരാട് കോഹ്ലിയാണ്. വാശിയേറിയ മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് പന്ത് ബാക്കിനിൽക്കെയാണ് അത് മറികടന്നത്. അർധസെഞ്ചുറി നേടിയ നായകൻ കോഹ്ലിയുടെയും രോഹിത്തിന്റെയും രാഹുലിന്റെയും ഇന്നിങ്സിനൊപ്പം അവസാനം വെടിക്കെട്ട് തീർത്ത ഷാർദുൽ ഠാക്കൂറുമാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിൽ കോഹ്ലിയുടെ വിക്കറ്റ് കീമോ പോൾ തെറിപ്പിച്ചു. 81 പന്തിൽ 85 റൺസ് നേടി കോഹ്ലി പുറത്താകുമ്പോൾ ഇന്ത്യൻ പ്രതീക്ഷകൾക്ക് മേലെയും കരിനിഴൽ വീണിരുന്നു. എന്നാൽ അതിവേഗ പന്തുകളാൽ എതിരാളികളെ ഞെട്ടിക്കുന്ന ഷാർദുൽ ഠാക്കൂറെന്ന പേസർ അതിവേഗം ബൗണ്ടറികളും റൺസും കണ്ടെത്തിയതോടെ ഇന്ത്യ വിജയതീരം തൊടുകയായിരുന്നു.