ചെന്നൈ: അവസാന പന്തില്‍ ഒരു റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി ഐപിഎല്‍ കിരീടമുയര്‍ത്തിയത്. ആവേശകരമായ മത്സരത്തില്‍ മുംബൈയ്ക്കും കിരീടത്തിന് ഇടയില്‍ വെല്ലുവിളിയായി തലയുയര്‍ത്തി നിന്നത് ചെന്നൈ ബാറ്റ്‌സ്മാന്‍ ഷെയ്ന്‍ വാട്‌സണായിരുന്നു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോള്‍ വാട്‌സണ്‍ തകര്‍പ്പനടികളിലൂടെ നിലയുറപ്പിക്കുകയായിരുന്നു.

സ്ഥിരതയില്ലാത്ത പ്രകടനമാണ് ഈ സീസണില്‍ വാട്‌സന്റേത്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഫൈനലിന് മുമ്പ് ഒരു മത്സരത്തിലും വാട്‌സണ്‍ ബാറ്റ് ചെയ്തിരുന്നില്ല. എന്നിട്ടും തന്നില്‍ വിശ്വാസം അര്‍പ്പിച്ച ക്യാപ്റ്റന്‍ ധോണിക്ക് അതിനുള്ള സമ്മാനം വാട്‌സണ്‍ ഫൈനലില്‍ നല്‍കി. പക്ഷെ, അത് മാത്രമായിരുന്നില്ല വാട്‌സണ്‍ എന്നെ താരത്തെ ഫൈനലിലെ യഥാർഥ പോരാളിയാക്കി മാറ്റുന്നത്. ചെന്നൈ താരം ഹര്‍ഭജന്‍ സിങ്ങിന്റെ വെളിപ്പെടുത്തലാണ് വാട്‌സണ്‍ എന്ന താരത്തിലെ പോരാളിയെ ക്രിക്കറ്റ് ലോകത്തിന് കാണിച്ചു തന്നിരിക്കുന്നത്.

രക്തമൊലിക്കുന്ന കാലുകളുമായായിരുന്നു വാട്‌സണ്‍ ഐപിഎല്‍ ഫൈനലില്‍ ബാറ്റ് ചെയ്തത് എന്നാണ് ഹര്‍ഭജന്റെ വെളിപ്പെടുത്തല്‍. മത്സരശേഷം വാട്‌സന്റെ കാല്‍ മുട്ടില്‍ ആറ് തുന്നലിട്ടുവെന്നും ഹര്‍ഭജന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. കളിക്കിടെ ഡൈവ് ചെയ്യുമ്പോഴായിരുന്നു വാട്‌സണ് പരുക്കേറ്റത്.

”അവന്റെ കാലുകളിലെ രക്തം നിങ്ങള്‍ കാണുന്നില്ലേ. ഡൈവ് ചെയ്യുന്നതിനിടെ പരുക്കേറ്റിട്ടും ആരോടും പറയാതെ അവന്‍ കളിച്ചു” എന്നായിരുന്നു ഹര്‍ഭജന്റെ വാക്കുകള്‍. വാട്‌സന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ഫൈനലില്‍ ചെന്നൈയ്ക്കായി ഒറ്റയ്ക്ക് നിന്നു പോരാടിയ വാട്‌സണ്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. 59 പന്തില്‍ 80 റണ്‍സ് നേടിയ വാട്‌സണ്‍ പുറത്താകുന്നതോടെയാണ് കളി മുംബൈയുടെ വരുതിയിലാകുന്നത്. ഡുപ്ലെസിസും വാട്‌സണും ചേര്‍ന്ന് മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കിയത്. ഡുപ്ലെസിസ് 26 റണ്‍സ് നേടി പുറത്തായതോടെ കഴിഞ്ഞ ഫൈനലിനെ അനുസ്മരിപ്പിക്കും വിധം വാട്‌സണ്‍ ആക്രമണ ചുമതല ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ വന്ന സുരേഷ് റെയ്‌നയും അമ്പട്ടി റായിഡുവും നായകന്‍ ധോണിയും രണ്ടക്കം കാണാതെ മടങ്ങിയപ്പോഴും വാട്‌സണ്‍ യാതൊരു കൂസലുമില്ലാതെ ഉറച്ചു നിന്നു. 59 പന്തില്‍ 80 റണ്‍സാണ് വാട്സണ്‍ നേടിയത്. ഇതില്‍ എട്ട് ഫോറും നാല് സിക്സുമുള്‍പ്പെടും. അവസാന ഓവറിലാണ് വാട്സണ്‍ പുറത്താകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook