ഇന്ത്യൻ ഇലവനെ തിരഞ്ഞെടുത്ത് ഓസീസ് സ്‌പിൻ ഇതിഹാസം ഷെയ്‌ൻ വോൺ. താൻ നേരിട്ട താരങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ഇലവനെ തിരഞ്ഞെടുത്തതെന്ന് വോൺ പറഞ്ഞു. മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്‌ലി തുടങ്ങിയ താരങ്ങൾ വോണിന്റെ ടീമിൽ ഇല്ലാത്തതും അതുകൊണ്ട് തന്നെ. ടെസ്റ്റ് ടീമിനെയാണ് വോൺ തിരഞ്ഞെടുത്തിരിക്കുന്നത്.

സൗരവ്‌ ഗാംഗുലിയാണ് വോണിന്റെ ഇന്ത്യൻ ഇലവനെ നയിക്കുന്നത്. നായകൻ ആരെന്ന കാര്യത്തിൽ വോണിനു രണ്ടാമതൊരു ചിന്തയില്ല. വോൺ ഇന്ത്യക്കെതിരെ കളിച്ച മിക്ക മത്സരങ്ങളിലും ഗാംഗുലിയായിരുന്നു ഇന്ത്യൻ നായകൻ. ഇൻസ്റ്റഗ്രാം ലെെവ് സെക്ഷനിലൂടെയാണ് വോൺ ഇന്ത്യൻ ഇലവനെ തിരഞ്ഞെടുത്തത്.

Read Also: ദാദയോളം പ്രിയപ്പെട്ട നായകനില്ല, ധോണിയും കോഹ്‌ലിയും അത്ര പോര: യുവരാജ് സിങ്

വിരേന്ദർ സേവാഗും നവജ്യോത് സിങ് സിദ്ദുവുമാണ് ഇന്ത്യയുടെ ഓപ്പണർമാർ. സ്‌പിന്നിനെതിരെ മികച്ച രീതിയിൽ കളിക്കുന്ന താരമായതിനാലാണ് സിദ്ദുവിനെ തിരഞ്ഞെടുത്തതെന്ന് വോൺ പറഞ്ഞു. തനിക്കും മറ്റ് സ്‌പിന്നർമാർക്കും സിദ്ദുവിനെ കുറിച്ച് ഇതേ അഭിപ്രായമാണെന്ന് വോൺ പറഞ്ഞു.

രാഹുൽ ദ്രാവിഡ്, സച്ചിൻ ടെൻഡുൽക്കർ, മുഹമ്മദ് അസ്‌ഹറുദ്ദീൻ എന്നിവരും വോണിന്റെ ടീമിലുണ്ട്. ക്യാപ്‌റ്റൻ ഗാംഗുലിയാണ് ഇവർക്ക് ശേഷം ബാറ്റിങ് ലെെനപ്പിൽ ഇടം പിടിച്ചത്. ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയ താരമാണ് രാഹുൽ ദ്രാവിഡ് എന്നും അതിനാലാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയതെന്നും വോൺ പറഞ്ഞു.

അതേസമയം, ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിലും ഏകദനിത്തിലും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള വി.വി.എസ്.ലക്ഷ്‌മണിനെ വോൺ ഇന്ത്യൻ ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തി. എന്തുകൊണ്ട് ലക്ഷ്‌മണിനെ പോലൊരു താരത്തെ ഒഴിവാക്കിയെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പലരും ചോദിച്ചു.

ഇതിനെ കുറിച്ച് വോൺ തന്നെ വിശദീകരിക്കുന്നുണ്ട്. ഗാംഗുലി തന്നെ തന്റെ ഇന്ത്യൻ ഇലവനെ നയിക്കണമെന്ന് തനിക്കു നിർബന്ധമുണ്ടെന്ന് വോൺ പറയുന്നു. അതുകൊണ്ടാണ് ലക്ഷ്‌മണിനെ ഒഴിവാക്കേണ്ടി വന്നത്. ഗാംഗുലി അല്ലാതെ മറ്റൊരു ക്യാപ്‌റ്റനെ തനിക്കു സങ്കൽപ്പിക്കാൻ പറ്റില്ലെന്നാണ് വോൺ പറയുന്നത്.

ഇന്ത്യയ്‌ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്ന കപിൽ ദേവ് വോണിന്റെ ഇന്ത്യൻ ഇലവനിലുണ്ട് എന്നതും ശ്രദ്ധേയമാണ്. കപിൽ ദേവ് ടീമിൽ ഉണ്ടായിരിക്കേ തന്നെയാണ് ഗാംഗുലിയെ തന്നെ വോൺ ക്യാപ്‌റ്റനാക്കിയതെന്നും ശ്രദ്ധേയമാണ്.

Read Also: Horoscope Today April 02, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

വോണിന്റെ ഇന്ത്യൻ ഇലവൻ ഇങ്ങനെ: വിരേന്ദർ സേവാഗ്, നവജ്യോത് സിങ് സിദ്ദു, രാഹുൽ ദ്രാവിഡ്, സച്ചിൻ ടെൻഡുൽക്കർ, മൊഹമ്മദ് അസ്‌ഹറുദ്ദീൻ, സൗരവ്‌ ഗാംഗുലി (നായകൻ), കപിൽ ദേവ്, ഹർഭജൻ സിങ്, നയൻ മോൻഗിയ (വിക്കറ്റ് കീപ്പർ), അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ്

ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്‌ചവച്ച ഓസീസ് താരമാണ് വോൺ. 24 ഇന്നിങ്‌സിൽ നിന്ന് 43 വിക്കറ്റുകൾ വോൺ ഇന്ത്യക്കെതിതെ നേടിയിട്ടുണ്ട്. 18 ഏകദിനങ്ങളിൽ നിന്നു 15 വിക്കറ്റുകളും വോൺ ഇന്ത്യയ്‌ക്കെതിരെ നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook