ന്യൂഡൽഹി: കൊറോണ വൈറസ് കായിക ലോകത്തെ നിശ്ചലമാക്കിയതോടെ താരങ്ങൾ പലരും വീടുകളിൽ ഒതുങ്ങിയിരിക്കുന്നു. മൈതാനത്തെയും കാണികളുടെ മനസിനെയും ത്രസിപ്പിക്കുന്ന പ്രകടനങ്ങളുമായി തിളങ്ങിയ താരങ്ങൾ ഇപ്പോൾ ആരാധകരുമായി സംവദിക്കുന്നത് സമൂഹമാധ്യമങ്ങൾ വഴിയാണ്. ചോദ്യോത്തര പരിപാടിയും ചലഞ്ചുമമൊക്കെയായി ക്വറന്റൈൻ കാലഘട്ടം മറികടക്കുകയാണ് അവര്‍. മുൻ ഓസിസ് ഇതിഹാസം ഷെയ്ൻ വോണും അങ്ങനെ തന്നെ. കഴിഞ്ഞ ദിവസം ആരാധകരുമായി ഇൻസ്റ്റഗ്രാമിൽ തത്സമയ സംവാദത്തിനെത്തിയ താരം ഇന്ത്യൻ താരങ്ങൾ മാത്രമുള്ള ഒരു ഐപിഎൽ ടീമിനെ തിരഞ്ഞെടുത്തു.

ഇന്ത്യൻ പ്രീമിയർ ലീഗിനെ കൂടുതൽ വർണാഭമാക്കുന്നത് വിദേശ താരങ്ങളുടെ പങ്കാളിത്തമാണ്. വിവിധ രാജ്യങ്ങൾക്ക് വേണ്ടി മിന്നും പ്രകടനം പുറത്തെടുക്കുന്ന താരങ്ങൾ ഒന്നായി ഒരു ക്ലബിനുവേണ്ടി മത്സരിക്കുന്നു. എന്നാൽ ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഒരു ഐപിഎൽ ടീം തിരഞ്ഞെടുത്തിരിക്കുകയാണ് ഷെയ്ൻ വോൺ. താരത്തിന്റെ ടീമിൽ സമകാലികൻ കൂടിയായ സച്ചിനില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ തന്റെ കൂടെ പ്രഥമ ഐപിഎൽ കിരീടം രാജസ്ഥാൻ റോയൽസിന് നേടികൊടുക്കുന്നതിൽ പങ്കുവഹിച്ച രണ്ട് താരങ്ങൾ വോണിന്റെ ടീമിലിടം പിടിച്ചു.

Also Read: ഓസ്ട്രേലിയൻ താരങ്ങൾക്ക് വിരാട് കോഹ്‌‌ലിയെയും സംഘത്തെയും പേടിയാണ്; കാരണം വെളിപ്പെടുത്തി മുൻ നായകൻ മൈക്കിൾ ക്ലർക്ക്

വെടിക്കെട്ട് വീരന്മാരായ വീരേന്ദർ സെവാഗും രോഹിത് ശർമ്മയുമാണ്‌ ടീമിലെ ഓപ്പണർമാർ. മൂന്നാം നമ്പറിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലിയും നാലാം നമ്പരിൽ യുവരാജ് സിങ്ങുമാണ് വോണിന്റെ ടീമിൽ കളിക്കുന്നത്. ടി20യിൽ എന്നും മിന്നും താരമായിരിക്കുന്ന യൂസഫ് പഠാനാണ് മധ്യനിരയുടെ കരുത്ത്. മുൻ ഇന്ത്യൻ നായകൻ ചെന്നൈയുടെ എംഎസ് ധോണിയും ടീമിലുണ്ട്.

ടീമിലെ സ്‌പിന്നർമാർ രണ്ടുപേരും ചെന്നൈ സൂപ്പർ കിങ്സിൽ നിന്നുമാണ്. രവീന്ദ്ര ജഡേജയും ഹർഭജൻ സിങ്ങും. പേസർമാരിലാണ് വോൺ തന്റെ പ്രിയപ്പെട്ട പങ്കാളികളെ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ ലോകകപ്പ് ഹീറോ മുനാഫ് പട്ടേലിനൊപ്പം ആഭ്യന്തര ക്രിക്കറ്റ് മാത്രം കളിച്ചിട്ടുള്ള സിദ്ധാർത്ഥ് ത്രിവേദിയും ആദ്യ രാജസ്ഥാൻ ടീമിൽ നിന്ന് ഇന്ത്യൻ ഐപിഎൽ ടീമിലെത്തി. സഹിർ ഖാനാണ് ബോളിങ് നിരയുടെ അമരക്കാരൻ.

Also Read: കൊറോണ ദോശം; വൈറസ് മുടക്കിയത് എട്ട് ഓസീസ് താരങ്ങളുടെ വിവാഹം

വോണിന്റെ ഇന്ത്യൻ ഐപിഎൽ ടീം: രോഹിത് ശർമ, വീരേന്ദർ സെവാഗ്, വിരാട് കോഹ്‌ലി, യുവരാജ് സിങ്, യൂസഫ് പഠാൻ, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഹർഭജൻ സിങ്, സിദ്ധാർത്ഥ് ത്രിവേദി, മുനാഫ് പട്ടേൽ, സഹീർ ഖാൻ.

ഇതോടൊപ്പം എക്കാലത്തെയും മികച്ച ഏകദിന ഇലവനെയും വോൺ തിരഞ്ഞെടുത്തിരുന്നു. തന്റെയൊപ്പം കളിച്ച താരങ്ങളെ ഉൾപ്പെടുത്തി വോൺ തിരഞ്ഞെടുത്ത ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങളും ഇടംപിടിച്ചു. സച്ചിനും സെവാഗുമാണ് അത്. വെടിക്കെട്ട് തുടക്കക്കാരൻ വീരേന്ദർ സെവാഗ് തന്നെയാണ് ടീമിലെ ഒരു ഓപ്പണർ. ശ്രീലങ്കയുടെ സനത് ജയസൂര്യ മറ്റൊരു ഓപ്പണറാകും. സച്ചിൻ മൂന്നാം നമ്പരിൽ ബാറ്റ് വീശുമ്പോൾ ലാറയാണ് നാലാം നമ്പരിലിറങ്ങുന്നത്. കുമാർ സംഗക്കാരയാണ് ടീമിലെ വിക്കറ്റ് കീപ്പർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook