കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന അക്‌സർ പട്ടേലിന് പകരക്കാരനായി ശാംസ് മുലാനിയെ ഡൽഹി ക്യാപിറ്റൽസ് ടീമിലെടുത്തു. ഐപിഎല്ലിലെ ആദ്യ കോവിഡ് 19 ബാക്കപ്പാണിത്. അക്‌സർ പട്ടേൽ തിരികെ ടീമിനൊപ്പം ചേരുന്നത് വരെ ഹ്രസ്വകാലത്തേക്കാണ് ശാംസ് മുലാനി ഡൽഹി ടീമിന്റെ ഭാഗമാകുക.
ഇതോടൊപ്പം മുൻ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യരിന് പകരക്കാരനായി കർണാടക ഓഫ് സ്പിന്നർ അനിരുദ്ധ ജോഷിയും ഡൽഹി ടീമിലെത്തിയാതായി ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ബിസിസിഐ അറിയിച്ചു. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ തോളിനു പരുക്കേറ്റ് ചികിത്സയിലാണ് ശ്രേയസ് അയ്യർ. ശ്രേയസ് അയ്യരുടെ അഭാവത്തിൽ റിഷഭ് പന്താണ് ഡൽഹിയെ നയിക്കുന്നത്.
Read Also:ആർസിബിക്കായി മാക്‌സ്‌വെൽ പക്വതയോടെയാണ് കളിക്കുന്നത്; അഭിനന്ദിച്ച് കോച്ച്
കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് അക്‌സർ പട്ടേൽ കോവിഡ് പോസിറ്റീവായത്. നിലവിൽ ചെറിയ രോഗലക്ഷണങ്ങളുള്ള അക്‌സർ ബിസിസിഐയുടെ പരിചരണത്തിലാണ്. അക്‌സർ കോവിഡ് ബാധിതനായി 12 ദിവസങ്ങൾക്ക് ശേഷമാണ് മുലാനിയെ ഹ്രസ്വകാല പകരക്കാരനായി ടീമിലെടുക്കുന്നത്.
ഇടംകൈയൻ ബോളറും മധ്യനിര ബാറ്റ്‌സമാനുമായ ശാംസ് മുലാനി 25 ആഭ്യന്തര ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ബോളിങ്ങിൽ 6.92 ഇക്കോണമി റേറ്റുള്ള ഈ 24 കാരന്റെ ടി20 യിലെ ഏറ്റവും വലിയ സ്കോർ 73 റൺസാണ്. ഐപിഎല്ലിന്റെ പ്ലെയർ റെഗുലേഷൻ ആക്ട് 6.1 പ്രകാരമാണ് മുലാനിയെ ഹ്രസ്വകാല പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി ടീമിൽ നിന്നും ഇറങ്ങിയാൽ ഈ സീസണിൽ മുലാനിക്ക് മറ്റൊരു ടീമിന്റെ ഭാഗമാകാൻ സാധിക്കില്ല.
ഇതേസമയം ശ്രേയസ് അയ്യരിനു പകരക്കാരനായി എത്തുന്ന അനിരുദ്ധ ജോഷി ഈ സീസണിൽ പൂർണമായും ഡൽഹിക്ക് വേണ്ടി കളിക്കും. മധ്യനിര ബാറ്റ്‌സമാനും ഓഫ് സ്പിന്നറുമായ അനിരുദ്ധ ജോഷി ഇതിനു മുൻപ് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും രാജസ്ഥാൻ റോയല്സിലുമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകക്ക് വേണ്ടി കളിക്കുന്ന ജോഷി ഇതുവരെ 17 ലിസ്റ്റ് എ മത്സരങ്ങളും 22 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.