കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനും റിസർവ് ടീം ഹെഡ് കോച്ചുമായിരുന്ന ഷമീൽ ചെമ്പകത്ത് ഹൈദരാബാദ് എഫ്സിയിലേക്ക്. ഇന്ത്യൻ സൂപ്പർ ലീഗിലെ പുതുമുഖങ്ങളായി ഹൈദരാബാദ് എഫ്സിയുടെ റിസർവ് ടീം മുഖ്യപരിശീലകനായാണ് മലയാളി കൂടിയായ ഷമീൽ എത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ക്ലബ്ബിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഷമീലുമായി ക്ലബ്ബ് കരാറിലെത്തിയതായി ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ തന്നെ ഷമീൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബുമായി കരാറിലെത്തിയ തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.

രണ്ട് പരിശീലകരെയാണ് ഹൈദരബാദ് ഇത്തവണ ടീമിലെത്തിച്ചിരിക്കുന്നത്. ഷമീൽ റിസർവ് ടീം മുഖ്യപരിശീലകനാകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ ഷമീലിനൊപ്പമുണ്ടായിരുന്ന താംഗ്ബോയ് സിംഗ്തേയും ഹൈദരാബാദിൽ ഒന്നിക്കും. ഹൈദരാബാദ് എഫ്സി സഹപരിശീലകനായിട്ടാണ് താംഗ്ബോയ് എത്തുന്നത്. ഇതോടൊപ്പം ക്ലബ്ബിന്റെ യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ചുമതലയും താംഗ്ബോയിക്കായിരിക്കും.

Also Read: ജർമൻ വമ്പൻമാരും ഹൈദരാബാദ് എഫ്സിയും പങ്കാളിത്ത കരാറിൽ

കഴിഞ്ഞ ദിവസം ജർമ്മൻ വമ്പന്മാരായ ബൊറൂസുയ ഡോർട്മുണ്ടുമായി ഹൈദരാബാദ് എഫ്സി പങ്കാളിത്ത കരാറിലെത്തിയിരുന്നു. ജൂനിയർ താരങ്ങളുടെ പരിശീലനവുമായി ബന്ധപ്പെട്ട കരാറിലാണ് ജർമൻ ക്ലബ്ബുമായി എച്ച്എഫ്‌സി ധാരണയിലെത്തിയത്. എച്ച്എഫ്സിക്കുവേണ്ടി അക്കാദമി സംവിധാനം വികസിപ്പിക്കുന്നതിനും പരിശീനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ബോറുസിയ ഡോർട്ട്മുൺഡ് ശ്രദ്ധ കേന്ദ്രീകരിക്കും.

ഇതോടെ ജർമ്മൻ ക്ലബ്ബുമായി സഹകരിച്ചായിരിക്കും ഷമീലിന്റെ പരിശീലന പദ്ധതികളൊരുങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സഹൽ അബ്ദുൽ സമദ് ഉൾപ്പടെയുള്ള ശിഷ്യഗണങ്ങളെ മുൻനിരയിലേക്ക് എത്തിച്ച ഷമീലിന് ഹൈദരാബാദിലും അതേ ഉത്തരവാദിത്വം ആയിരിക്കും നിർവഹിക്കാനുള്ളത്. ദീർഘകാലത്തെ കരാറാണ് മലയാളി പരിശീലകനുമായി എച്ച്എഫ്സി ഒപ്പുവെച്ചിരിക്കുന്നതെന്നാണ് സൂചന. അങ്ങനെയെങ്കിൽ ക്ലബ്ബിന്റെ വളർച്ചയിലടക്കം ഷമീലിന് വ്യക്തമായ ഉത്തരവാദിത്വങ്ങളുണ്ടാകുമെന്നാണ് കരുതേണ്ടത്.

Also Read: സുവാരസ് അയാക്‌സിലേക്ക്; കൈയൊഴിഞ്ഞ് ബാഴ്‌സ

റിസര്‍വ് ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ക്ലബ്ബിന്റെ അണ്ടര്‍ 18 ടീമിന്റെ മേല്‍നോട്ടവും ഷമീല്‍ നിര്‍വഹിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ അരങ്ങേറ്റം കുറിച്ച ഹൈദരാബാദ് എഫ്സിക്ക് കാര്യമായ നേട്ടമൊന്നും സ്വന്തമാക്കാനായില്ലെന്ന് മാത്രമല്ല പട്ടികയിൽ ഏറ്റവും ഒടുവിലായാണ് ടൂർണമെന്റ് അവസാനിപ്പിച്ചതും. ഇത്തവണ ആല്‍ബര്‍ട്ടോ റോചയെ മുഖ്യ പരിശീലകനായി എത്തിച്ച എച്ച്എഫ്സി ഷമീൽ, താംഗ്ബോയ് എന്നീ പരിശീലകരിലൂടെ മികച്ച അടിത്തറയാണ് ലക്ഷ്യമിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook