കൊളംബോ: വിവാദമായ ശ്രീലങ്ക-ബംഗ്ലാദേശ് മൽസരത്തിന് പിന്നാലെ മലക്കം മറിഞ്ഞ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. താരങ്ങളോട് കളിയവസാനിപ്പിച്ച് മടങ്ങി വരാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഷാക്കിബ് ഇപ്പോള്‍ പറയുന്നത്.

‘ഞാനവരെ തിരിച്ചു വിളിക്കുകയായിരുന്നില്ല. കളി തുടരാനാണ് പറഞ്ഞത്. നിങ്ങള്‍ക്ക് അത് രണ്ട് രീതിയിലും കാണാം. നിങ്ങളെങ്ങനെ എടുക്കുന്നു എന്നതിലാണ് കാര്യം. എന്ത് സംഭവിച്ചുവെന്ന് പറയുന്നതിലാണ് എനിക്ക് താല്‍പര്യം. സ്‌ക്വെയര്‍ ലെഗ് അമ്പയര്‍ നോ ബോള്‍ വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല. ആദ്യ പന്ത് ബൗണ്‍സറായിരുന്നു. രണ്ടാമത്തെ പന്തും ബൗണ്‍സറായതോടെ അമ്പയര്‍ നോ ബോള്‍ വിളിക്കുകയായിരുന്നു.’ ഷാക്കിബ് പറയുന്നു.

അതേസമയം, കളിക്കളത്തിലെ പെരുമാറ്റത്തിന് ഷാക്കിബിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാടകീയ സംഭവങ്ങളായിരുന്നു മൽസരത്തിന്റെ അവസാന നിമിഷം ഗ്രൗണ്ടില്‍ അരങ്ങേറിയത്. ബാറ്റ്‌സ്മാന്മാരോട് കളിയവസാനിപ്പിച്ച് മടങ്ങി വരാന്‍ ഷാക്കിബ് ആവശ്യപ്പെട്ടതാണ് താരത്തിനെതിരെ നടപടിയിലേക്ക് നയിച്ചത്. ഷാക്കിബിന് പുറമെ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായ നൂറുല്‍ ഹസനും പിഴ വിധിച്ചിട്ടുണ്ട്. ലങ്കന്‍ താരം തിസര പെരേരയോട് കയര്‍ത്തതിനാണ് നടപടി.

അവസാന ഓവറില്‍ അഞ്ച് പന്തില്‍ നിന്നും 12 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ലങ്കന്‍ പേസര്‍ ഇസുറു ഉദാന എറിഞ്ഞ രണ്ട് പന്തുകള്‍ ഷോര്‍ട്ട് ബോളുകളായി. രണ്ടാം പന്തില്‍ ബംഗ്ലാ താരം മുസ്തഫിസൂര്‍ റഹ്മാന്‍ പുറത്താവുകയും ചെയ്തു. എന്നാല്‍ ബൗണ്‍സറായതിനാല്‍ ലെഗ് അമ്പയര്‍ നോ ബോൾ വിളിച്ചെന്ന് ബംഗ്ലാദേശ് താരങ്ങള്‍ വാദിക്കുകയായിരുന്നു.

ബംഗ്ലാദേശ് താരങ്ങളും ലങ്കന്‍ താരം കുസാല്‍ മെന്‍ഡിസും തമ്മില്‍ വാക്ക് തര്‍ക്കമായി. ഈ സമയം ബൗണ്ടറി ലൈനിന് അരികില്‍ നില്‍ക്കുകയായിരുന്ന ബംഗ്ലാദേശ് നായകന്‍ എല്ലാവരേയും ഞെട്ടിച്ച നീക്കം നടത്തുകയായിരുന്നു. കളിയവസാനിപ്പിച്ച് മടങ്ങി വരാന്‍ ഷാക്കിബ് ബാറ്റ്‌സ്മാന്മാരോട് ആവശ്യപ്പെട്ടു. മാച്ച് റഫറിയുമായി ഇതേ ചൊല്ലി ഷാക്കിബ് തര്‍ക്കിക്കുകയും ചെയ്തു.

കളി പുനരാരംഭിക്കുകയും ബംഗ്ലാദേശ് വിജയിക്കുകയും ചെയ്‌തെങ്കിലും സംഘര്‍ഷാന്തരീക്ഷത്തിന് അയവുവന്നില്ല. മൽസരശേഷം ബംഗ്ലാദേശ് താരങ്ങളും ലങ്കന്‍ താരങ്ങളും തമ്മില്‍ മൈതാനത്ത് വച്ച് കോര്‍ത്തു. കോബ്രാ ഡാന്‍സ് കളിച്ച് ലങ്കയെ പരിഹസിച്ചതാണ് കളിയ്ക്ക് ശേഷം അടിയ്ക്ക് കാരണമായത്.

ബംഗ്ലാദേശ് ഡ്രെസിങ് റൂമിന്റെ ഗ്ലാസ് ഡോര്‍ തകര്‍ന്ന സംഭവവും വിവാദമായിരിക്കുകയാണ്. മൽസരത്തിന് ശേഷം ബംഗ്ലാദേശ് താരങ്ങളാണ് ഡോര്‍ തകര്‍ത്തതെന്നാണ് ആരോപണം.

കാറ്ററിങ് സ്റ്റാഫുകള്‍ ഡോര്‍ തകര്‍ത്ത താരങ്ങളുടെ പേര് മാച്ച് റഫറിയോട് വെളിപ്പെടുത്തിയെന്നും എന്നാല്‍ അത് മുഖവിലയ്ക്ക് എടുക്കാന്‍ സാധിക്കാത്തതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തകര്‍ന്ന ഡോറിന് നഷ്ടപരിഹാരം നല്‍കാമെന്ന് ബംഗ്ലാദേശ് ടീം മാനേജ്മെന്റ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ