ഐസിസിയുടെ അച്ചടക്ക നടപടി നേരിടുന്ന മുൻ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ ഫുട്ബോൾ മൈതാനത്ത്. ഒത്തുകളിക്കാൻ വാതുവയ്പ് സംഘം പണം വാഗ്‌ദാനം ചെയ്ത് സമീപിച്ചത് ഐസിസിയെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഐസിസി അച്ചടക്ക സമിതി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും ഷാക്കിബിനെ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൂട്ടി ഹാഗ്സെന്ന ഫുട്ബോൾ ടീമിന് വേണ്ടി താരം ബൂട്ടുകെട്ടിയത്.
ഷാക്കിബ് അംഗമായ ഫൂട്ടി ഹാഗ്സ് ടീം ധാക്കയിലെ ആർമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊറിയൻ എക്സപാറ്റ് എന്ന ടീമിനെ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഷാക്കിബിന്റെ ടീം ജയം സ്വന്തമാക്കിയത്. ഫൂട്ടി ഹാഗ്സ് ടീമാണ് ഷാക്കിബ് ഉൾപ്പടെയുള്ള താരങ്ങളുടെ ഫൊട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
Also Read: ‘നീ ഇല്ലാതെ ഗ്രൗണ്ടിലേക്ക്, ചിന്തിക്കാനാവുന്നില്ല ഷാക്കിബ്’; ഞങ്ങള്‍ നിനക്കൊപ്പമുണ്ട്
ബംഗ്ലാദേശ് ക്രിക്കറ്റ് താരവും ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസനെതിരെ ഒക്ടോബർ അവസാന വാരമാണ് ഐസിസി നടപടി സ്വീകരിച്ചത്. താരത്തെ ഒരു വര്‍ഷത്തേക്ക് ഐസിസി വിലക്കി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് വിലക്ക്. ഈ കാലഘട്ടത്തില്‍ ഷാക്കിബിന് ബംഗ്ലാദേശിനായി കളിക്കാന്‍ സാധിക്കില്ല.
രണ്ടു വര്‍ഷത്തേക്കു വിലക്കാനാണ് ഐസിസി തീരുമാനിച്ചതെങ്കിലും താരം കുറ്റസമ്മതം നടത്തിയതിനാല്‍ നടപടി ഒരു വര്‍ഷത്തേക്ക് ചുരുക്കി. ഐസിസി അഴിമതി വിരുദ്ധ നിയമപ്രകാരമാണ് ഷാക്കിബിനെതിരെ നടപടിയെടുത്തിരിക്കുന്നത്. വിലക്കിനു ശേഷം 2020 ഒക്ടോബര്‍ 29 നു ഷാക്കിബിനു ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ സാധിക്കും.
രണ്ടു വർഷം മുൻപ് ബംഗാളി ദിനപത്രമാണ് ഷാക്കിബിന് വാതുവയ്‌പുകാരിൽ നിന്ന് ഓഫർ ലഭിച്ച വിവരം റിപ്പോർട്ട് ചെയ്തത്. ഈ വിവരം ഷാക്കിബ് ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയെ (എസിഎസ്‌യു) അറിയിച്ചില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ എസിഎസ്‌യുവിന്റെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഷാക്കിബ് കുറ്റസമ്മതം നടത്തിയതായും ദിനപത്രം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.