ന്യൂസിലാൻഡിന് എതിരെ ചരിത്രവിജയവുമായി ബംഗ്ലാദേശ്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 266 റണ്‍സിന്റെ വിജയലക്ഷ്യം 16 പന്തും അഞ്ചു വിക്കറ്റും ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ ബംഗ്ലാദേശ് ചാംപ്യന്‍സ് ട്രോഫി സെമിയിലെത്താനുള്ള സാധ്യത നിലനിര്‍ത്തി. എ ഗ്രൂപ്പില്‍ മൂന്നു പോയിന്റുള്ള ബംഗ്ലാദേശ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ശനിയാഴ്‌ച നടക്കുന്ന ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മല്‍സരത്തില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടാല്‍ ബംഗ്ലാദേശിന് സെമിയിലെത്താം. ഓസ്‌ട്രേലിയ വിജയിച്ചാല്‍ ബംഗ്ലാദേശ് പുറത്താകും.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് കെയിൻ വില്യംസണിന്റേയും , റോസ് ടെയ്‌ലറുടെയും അർധസെഞ്ചുറി മികവിലാണ് 265 റൺസ് എന്ന സ്കോറിലെത്തിയത്. റോസ് ടെയ്‌ലർ 63 റൺസും , വില്യംസൺ 57 റൺസുമാണ് നേടിയത്. അവസാന ഓവറുകളിൽ റൺസ് ഉയർത്താൻ കിവീസിന് സാധിച്ചില്ല. ബംഗ്ലാദേശിന് വേണ്ടി മൊസാദെക് ഹൊസെയ്ന്‍ മൂന്നു വിക്കറ്റും ടസ്കിന്‍ അഹമ്മദ് രണ്ടു വിക്കറ്റും സ്വന്തമാക്കി.

ന്യൂസിലാൻഡ് ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 13 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായി. തമീം ഇക്ബാല്, സാബിർ റഹ്മാൻ, സൗമ്യ സർക്കാർ എന്നിവരെ മടക്കി ടിം സൗത്തി മികച്ച തുടക്കമാണ് കിവീസിന് സമ്മാനിച്ചത്. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച മഹമ്മദുള്ള(102), ഷാകിബ് അല്‍ ഹസന്‍(114) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 224 റണ്‍സിന്റെ സഖ്യമാണ് ഉണ്ടാക്കിയത്. 115 പന്ത് നേരിട്ട ഷാകിബ് 11 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. 107 പന്ത് നേരിട്ട മഹമ്മദുള്ള എട്ട് ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ