ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരവും ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസനെതിരെ ഐസിസി നടപടി സ്വീകരിച്ചു. താരത്തെ ഒരു വര്‍ഷത്തേക്ക് ഐസിസി വിലക്കി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് വിലക്ക്. ഈ കാലഘട്ടത്തില്‍ ഷാക്കിബിന് ബംഗ്ലാദേശിനായി കളിക്കാന്‍ സാധിക്കില്ല.

രണ്ടു വര്‍ഷത്തേക്കു വിലക്കാനാണ് ഐസിസി തീരുമാനിച്ചതെങ്കിലും താരം കുറ്റസമ്മതം നടത്തിയതിനാല്‍ നടപടി ഒരു വര്‍ഷത്തേക്ക് ചുരുക്കി. ഐസിസി അഴിമതി വിരുദ്ധ നിയമപ്രകാരമാണ് ഷാക്കിബിനെതിരെ നടപടിയെടുത്തിരിക്കുന്നത്. വിലക്കിനു ശേഷം 2020 ഒക്ടോബര്‍ 29 നു ഷാക്കിബിനു ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ സാധിക്കും.

അഴിമതി വിരുദ്ധ നിയമത്തിലെ മൂന്ന് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഷാക്കിബിനെതിരെയുള്ള നടപടി. താന്‍ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റില്‍ നിന്നു മാറിനില്‍ക്കേണ്ടി വന്നതില്‍ ഏറെ ദുഃഖമുണ്ടെന്ന് ഷാക്കിബ് പറഞ്ഞു. എങ്കിലും ഐസിസിയുടെ നടപടി അംഗീകരിക്കുന്നുവെന്നും ഷാക്കിബ് വ്യക്തമാക്കി.

ഷാക്കിബ് അൽ ഹസനെതിരെ ഐസിസി നടപടി ഉണ്ടായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒത്തുകളിക്ക് പണം വാഗ്‌ദാനം ചെയ്ത് വാതുവയ്‌പ് സംഘം സമീപിച്ചത് ഐസിസി അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാത്തതാണ് ഷാക്കിബിനെതിരെ നടപടിയെടുക്കാൻ കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ബംഗ്ലാദേശ് ടെസ്റ്റ്, ടി 20 ടീം ക്യാപ്റ്റനാണ് ഷാക്കിബ് അൽ ഹസൻ. ലോകകപ്പിൽ ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായിരുന്നു താരം.

ഇന്ത്യൻ പര്യടനത്തിൽ ബംഗ്ലാദേശ് ടീമിനെ നയിക്കാൻ ഷാക്കിബ് അൽ ഹസൻ ഉണ്ടാകില്ല. ഷാക്കിബിന്റെ അഭാവത്തിൽ മുതിർന്ന താരമായ മുഷ്ഫിഖർ റഹ്മാനായിരിക്കും ടെസ്റ്റ് ടീമിനെ നയിക്കുക. മഹമ്മുദുളള റിയാദ് മൊസാദക് ഹുസൈൻ ആയിരിക്കും ടി 20 ക്യാപ്റ്റൻ.

ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി നടക്കുന്ന പരിശീലന ക്യാംപില്‍ ഒരു നെറ്റ് സെഷനില്‍ മാത്രമാണ് ഷാക്കിബ് പങ്കെടുത്തത്. ഐസിസിയുടെ നിർബന്ധപ്രകാരമാണ് ഷാക്കിബ് ടീമിന്റെ പരീശീല സെഷനിൽനിന്നും വിട്ടുനിന്നതെന്ന് ബംഗാളി ദിനപത്രമായ സമാകൽ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടു വർഷം മുൻപ് ബംഗാളി ദിനപത്രമാണ് ഷാക്കിബിന് വാതുവയ്‌പുകാരിൽ നിന്ന് ഓഫർ ലഭിച്ച വിവരം റിപ്പോർട്ട് ചെയ്തത്. ഈ വിവരം ഷാക്കിബ് ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയെ (എസിഎസ്‌യു) അറിയിച്ചില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ എസിഎസ്‌യുവിന്റെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഷാക്കിബ് കുറ്റസമ്മതം നടത്തിയതായും ദിനപത്രം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യൻ പര്യടനത്തിനുളള ‘പുതിയ ടീമിനെ’ ഉടൻ പ്രഖ്യാപിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്. അതേസമയം, ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കാന്‍ രണ്ടോ മൂന്നോ ദിവസത്തെ സമയം കൂടി വേണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാൻ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook