കൊൽക്കത്ത: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സൂപ്പർ താരം ഷാക്കിബ് അൽ ഹസന് വധഭീഷണി. കൊൽക്കത്തയിൽ കാളിപൂജ ഉദ്‌ഘാടനം ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ചാണ് താരത്തിന് വധഭീഷണി നേരിട്ടത്. മുസ്‌ലിം മതവികാരം വ്രണപ്പെടുത്തിയെന്നാണ് വധഭീഷണിയിൽ പറയുന്നത്.
ബാംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ നായകനാണ് ഷാക്കിബ്. നിലവിൽ ഐസിസിയുടെ സസ്‌പെൻഷൻ നടപടി പൂർത്തിയാക്കിയിക്കുകയാണ് താരം. വാതുവയ്‌പ്പുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഐസിസി ഷാക്കിബിനെ രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഐസിസിയുടെ അച്ചടക്ക നടപടി പൂർത്തിയാക്കി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നതിനിടെയാണ് പുതിയ വിവാദം. ഒക്‌ടോബർ 29 നാണ് ഷാക്കിബിനെതിരായ അച്ചടക്ക നടപടിയുടെ കാലാവധി പൂർത്തിയായത്.
Read Also: ‘ദ കംപ്ലീറ്റ് ഓൾറൗണ്ടർ’; ക്രിക്കറ്റിൽ വിലക്ക് വന്നതോടെ ഫുട്ബോൾ കളിച്ച് ഷാക്കിബ് അൽ ഹസൻ
കാളിപൂജ ഉദ്ഘാടനത്തിൽ പങ്കെടുത്തതിലൂടെ ഷാക്കിബ് ചെയ്‌തത് ദൈവനിന്ദയാണെന്നും മതവികാരം വ്രണപ്പെട്ടെന്നും ചൂണ്ടിക്കാട്ടി മൊഹ്സിൻ തലൂക്‌ദാർ എന്ന യുവാവാണ് വധഭീഷണി മുഴക്കിയത്. താരത്തെ കൊലപ്പെടുത്തുമെന്ന് വ്യക്തമാക്കി ഇയാൾ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയായിരുന്നു.
മതവികാരം വ്രണപ്പെടുത്തിയ ഷാക്കിബിനെ തുണ്ടംതുണ്ടമായി വെട്ടിയരിയുമെന്നാണ് വധഭീഷണി മുഴക്കിയത്. നവംബർ 12 നാണ് കൊൽക്കത്തയിൽ നടന്ന കാളിപൂജ ഷാക്കിബ് ഉദ്‌ഘാടനം ചെയ്‌തത്. ഇതിനു പിന്നാലെ താരത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ വിമർശനമുയർന്നിരുന്നു. വധഭീഷണി മുഴക്കിയ ബംഗ്ലദേശിലെ സിൽഹറ്റിൽനിന്നുള്ള മൊഹ്സിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
അതേസമയം, കാളിപൂജയിൽ പങ്കെടുത്തത് വിവാദമായതിനു പിന്നാലെ ഷാക്കിബ് ക്ഷമാപണം നടത്തി. മുസ്‌ലിം മതവിശ്വാസികളുടെ വികാരം വ്രണപ്പെട്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായി ഷാക്കിബ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.
‘മുസ്‌ലിമായതിൽ അഭിമാനിക്കുന്ന വ്യക്തിയെന്ന നിലയിൽ, എന്റെ പ്രവൃത്തി ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു,’ ഷാക്കിബ് ഫെയ്‌സ്‌ബുക്ക് ലെെവിൽ പറഞ്ഞു.
കാളിപൂജ താൻ ഉദ്‌ഘാടനം ചെയ്‌തിട്ടില്ലെന്നും ഷാക്കിബ് പറഞ്ഞു. “മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നതുപോലെ ഞാൻ കൊൽക്കത്തയിൽ പോയത് കാളിപൂജ ഉദ്‌ഘാടനം ചെയ്യാനല്ല. ഞാൻ കാളിപൂജ ഉദ്‌ഘാടനം ചെയ്‌തിട്ടുമില്ല. ഞാൻ അവിടെയെത്തുന്നതിനു മുൻപ് ബംഗാളിലെ മന്ത്രിയായ ഫിർഹാദ് ഹക്കിം ചടങ്ങ് ഉദ്ഘാടനം ചെയ്‌തിരുന്നു. പൂജയുമായി ബന്ധപ്പെട്ട നോട്ടിസ് കണ്ടവർക്ക് അത് മനസിലാകും. കാളിപൂജയിൽ ഞാൻ വിശിഷ്‌ടാതിഥിയല്ലെന്ന് നോട്ടിസിൽ നിന്ന് വ്യക്തമാണ്. ഒരു മുസ്‌ലിം എന്ന നിലയിൽ മതാചാരങ്ങളും അനുഷ്‌ഠാനങ്ങളും പാലിക്കുന്ന ആളാണ് ഞാൻ. ഞാൻ എന്തെങ്കിലും തെറ്റായി ചെയ്‌തിട്ടുണ്ടെങ്കിൽ നിങ്ങൾ എന്നോട് ക്ഷമിക്കണം,” ഷാക്കിബ് പറഞ്ഞു.
കാളിപൂജ നടന്ന പന്തലിൽവച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള സംഘാടകരുടെ ആവശ്യത്തിന് വഴങ്ങുക മാത്രമാണ് താൻ ചെയ്തതെന്നും ഷാക്കിബ് വ്യക്തമാക്കി.