കൊളംബോ: നാടകീയമായിരുന്നു നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ അവസാന രണ്ട് മത്സരങ്ങള്‍. ഫൈനലിന്റെ അവസാന പന്തില്‍ സിക്‌സ് അടിച്ച് ഇന്ത്യയ്ക്ക് ത്രില്ലിംഗ് വിജയം സമ്മാനിച്ച് ദിനേശ് കാര്‍ത്തിക് താരമായപ്പോള്‍ തൊട്ട് മുമ്പത്തെ മത്സരം വിവാദത്തിന്റെ പേരിലാണ് വാര്‍ത്തയായത്.

മത്സരത്തിന്റെ അവസാന ഓവറില്‍ ബൗണ്‍സറിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ കളിയവസാനിപ്പിച്ച് മടങ്ങാന്‍ താരങ്ങളോട് ആവശ്യപ്പെട്ടത് ക്രിക്കറ്റിന്റെ സ്പിരിറ്റിനെ തന്നെ നാണം കെടുത്തുന്നതായിരുന്നു. കളിക്ക് ശേഷം ശ്രീലങ്കയുടേയും ബംഗ്ലാദേശിന്റേയും താരങ്ങള്‍ തമ്മില്‍ കോര്‍ത്തതും നാണക്കേടായി.

എന്നാല്‍ പ്രശ്‌നങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നില്ല. മത്സരശേഷം ബംഗ്ലാദേശ് താരങ്ങളുടെ ഡ്രെസ്സിംഗ് റൂമിന്റെ ഗ്ലാസ് ഡോര്‍ തകര്‍ത്തതും വാര്‍ത്തയായി. ബംഗ്ലാദേശ് താരങ്ങള്‍ തന്നെയാണ് ഡോര്‍ തകര്‍ത്തതെന്നായിരുന്നു റിപ്പോര്‍ട്ട്. പക്ഷെ ആരാണ് ഡോര്‍ തകര്‍ത്തത് എന്നതിനെ കുറിച്ച് റിപ്പോര്‍ട്ടുകളൊന്നുമല്ലായിരുന്നു. ഡോര്‍ തകര്‍ത്തത് ആരാണെന്ന് മാച്ച് റഫറി ക്രിസ് ബ്രോഡിനോട് കാറ്ററിംഗ് തൊഴിലാളികള്‍ വെളുപ്പെടുത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനാണ് ഗ്ലാസ് ഡോര്‍ തകര്‍ത്തത്. കോപാകുലനായ ഷാക്കിബ് ഡോര്‍ തകര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. നേരത്തെ കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഷാക്കിബിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ഈടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പുതിയ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ താരത്തിനെതിരായി കടുത്ത നടപടിയുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ