ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ബംഗ്ലാദേശ് പുറത്തായെങ്കിലും അവരുടെ പ്രകടനം ക്രിക്കറ്റ് പ്രേമികളെ ഏറെ അത്ഭുതപ്പെടുത്തി. കരുത്തരായ എല്ലാ ടീമുകളോടും വാശിയോടെ ഏറ്റുമുട്ടിയാണ് ബംഗ്ലാദേശ് നാട്ടിലേക്ക് മടങ്ങിയത്. അതിഗംഭീര പ്രകടനം കാഴ്ചവച്ച ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനാണ് ലോകകപ്പിലെ ശ്രദ്ധാകേന്ദ്രം.

Read Also: ബുംറയ്ക്ക് വിക്കറ്റ് വേട്ടയില്‍ ‘സെഞ്ചുറി’; തീയുണ്ട വേഗത്തില്‍ റെക്കോര്‍ഡ് നേട്ടം

ഏത് താരവും പ്രതീക്ഷിക്കുന്നതുപോലെ സ്വപ്‌ന തുല്യമായ നേട്ടങ്ങളാണ് ഷാക്കിബ് ഇംഗ്ലീഷ് മണ്ണില്‍ നിന്ന് സ്വന്തമാക്കിയത്. അതില്‍ ഏറ്റവും വിലയേറിയ നേട്ടം ഏതെന്ന് ചോദിച്ചാല്‍ അത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നതാണ്. വിരാട് കോഹ്‌ലി തുടര്‍ച്ചയായി സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി ലോകകപ്പിലെ താരമായിരിക്കുകയാണ് ഷാക്കിബ്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡാണ് ഷാക്കിബ് കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ സ്വന്തമാക്കിയത്. 16 വര്‍ഷം മുന്‍പ് സച്ചിന്‍ സ്വന്തമാക്കിയ റെക്കോര്‍ഡാണ് ഇന്നലെ ഷാക്കിബ് തകര്‍ത്തത്.

2003 ലെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സച്ചിന്‍ നേടിയത് 586 റണ്‍സാണ്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രം ഷാക്കിബ് നേടിയത് 606 റണ്‍സ്!. സച്ചിന്‍ നേടിയതിനേക്കാള്‍ 20 റണ്‍സ് കൂടുതലാണിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡന്‍ എന്നിവര്‍ക്ക് ശേഷം ഒരു ലോകകപ്പ് ടൂര്‍ണമെന്റിൽ 600 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ താരമാണ് ഷാക്കിബ്. 2003 ലെ ലോകകപ്പില്‍ സച്ചിന്‍ നേടിയത് 673 റണ്‍സാണ്. 2007 ലോകകപ്പില്‍ മാത്യു ഹെയ്ഡന്‍ നേടിയത് 659 റണ്‍സും. 2003 ല്‍ സച്ചിന്‍ 673 റണ്‍സ് സ്വന്തമാക്കിയത് 11 മത്സരങ്ങളില്‍ നിന്നാണെങ്കില്‍ ഷാക്കിബ് 606 റണ്‍സ് നേടിയത് എട്ട് മത്സരങ്ങളില്‍ നിന്നാണ്.

Read Also: ‘ആയിരത്തിൽ ഒരുവൻ ഷാക്കിബ്’; ലോകകപ്പിൽ റെക്കോർഡ് നേട്ടവുമായി ബംഗ്ലാദേശ് താരം

ഈ ലോകകപ്പില്‍ ഏഴാം തവണ 50 കടന്ന ഷാക്കിബ് ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമെത്തിയിട്ടുണ്ട്. 2003 ലോകകപ്പില്‍ സച്ചിന്‍ ഏഴ് തവണയാണ് 50 + സ്‌കോര്‍ ചെയ്തിട്ടുള്ളത്. അതേസമയം, ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡ് ഇപ്പോഴും സച്ചിന്റെ കൈയ്യിൽ ഭദ്രമാണ്. ആ റെക്കോർഡിലെത്താൻ ഷാക്കിബിന് വേണ്ടത് 67 റൺസ് മാത്രമാണ്. എന്നാൽ, ബംഗ്ലാദേശ് സെമി കാണാതെ പുറത്തായതോടെ ആ പ്രതീക്ഷകളെല്ലാം മങ്ങി. അതേസമയം, കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഷാക്കിബിനു പിന്നിലുള്ള രോഹിത് ശർമ (544), ഡേവിഡ് വാർണർ (516), ആരോൺ ഫിഞ്ച് (504), ജോ റൂട്ട് (500) എന്നിവർക്ക് സച്ചിന്റെ റെക്കോർഡ് മറികടക്കാൻ ഇനിയും അവസരമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook