വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ എട്ട് വിക്കറ്റിന് വിജയിച്ച വെസ്റ്റ് ഇന്‍ഡീസ് ബുധനാഴ്ച നടക്കാന്‍ പോകുന്ന രണ്ടാം മത്സരത്തിലും വലിയ പ്രതീക്ഷയിലാണ്. രണ്ടാം മത്സരവും വിജയിച്ച് ഏകദിന പരമ്പര സ്വന്തമാക്കുകയാണ് കരീബിയന്‍ പടയുടെ ലക്ഷ്യം.
എന്നാല്‍, ഏകദിന പരമ്പര സ്വന്തമാക്കുന്നതിനൊപ്പം മറ്റൊരു നേട്ടം കൂടി ലക്ഷ്യമിടുകയാണ് വെസ്റ്റ് ഇന്‍ഡീസ് താരം ഷായ് ഹോപ്. അത് മറ്റൊന്നുമല്ല, സാക്ഷാല്‍ റണ്‍മെഷീന്‍ വിരാട് കോഹ്‌ലിയെയും ഹിറ്റ്മാന്‍ രോഹിത് ശര്‍മയെയും മറികടക്കുക. 2019 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാന്‍ ഷായ് ഹോപ്പിന് മറികടക്കേണ്ടത് ഈ രണ്ട് ഇന്ത്യന്‍ താരങ്ങളെയാണ്.
Read Also: പുറത്തിരിക്കേണ്ടവനല്ല; രഞ്ജിയില്‍ സഞ്ജുവിന് കലക്കന്‍ സെഞ്ചുറി
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 24 മത്സരങ്ങള്‍ കളിച്ച വിരാട് കോഹ്‌ലി 61.52 ശരാശരിയോടെ 1292 റണ്‍സ് നേടിയിട്ടുണ്ട്. തൊട്ടുപിന്നിലുള്ള രോഹിത് ശര്‍മ 26 മത്സരങ്ങളില്‍ നിന്ന് 1268 റണ്‍സാണ് നേടിയിരിക്കുന്നത്. ശരാശരിയുടെ കാര്യത്തില്‍ കോഹ്‌ലിയേക്കാള്‍ ബഹുദൂരം പിന്നിലാണ് ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്‌സ്മാനായ രോഹിത് ശര്‍മ. രോഹിത് ശര്‍മയ്ക്ക് 52.83 ശരാശരിയാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസ് താരം ഷായ് ഹോപ് 26 മത്സരങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത് 1225 റണ്‍സാണ്. ഹോപ്പിന് 61.25 ആണ് ശരാശരി. ഒന്നാം സ്ഥാനത്തുള്ള കോഹ്‌ലിയേക്കാള്‍ വെറും 67 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ഷായ് ഹോപ്.
Read Also: രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്ന എല്ലാറ്റിനെയും നിരുത്സാഹപ്പെടുത്തണം: മമ്മൂട്ടി
ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും താന്‍ ലക്ഷ്യമിടുന്നില്ലെന്ന് ഷായ് ഹോപ് പറയുന്നു. മാത്രമല്ല, റണ്‍സ് പട്ടികയില്‍ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും മറികടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും ഷായ് ഹോപ് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെയുള്ള ഏകദിനത്തെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും ഷായ് ഹോപ് പറയുന്നു.