മുംബൈയുടെ പക്കല്‍ നിന്നേറ്റ വലിയ പ്രഹരത്തില്‍ നിന്ന് കൊല്‍ക്കത്ത ഒന്ന് കരകയറിയത് ഇപ്പോഴാണ്. 102 റണ്‍സിനു മുംബൈയോട് തോറ്റതിന് ശേഷം ടീമിന്‍റെ മാനസിക നില വളരെ മോശമായിരുന്നു. ടീമിന്‍റെ സഹ-ഉടമസ്ഥനായ ഷാരൂഖ് ഖാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരോട് മാപ്പ് വരെ ചോദിച്ചും രംഗത്ത് വന്നു. എന്നാല്‍ പഞ്ചാബിനോടും രാജസ്ഥാനോടും അടുപ്പിച്ച് ജയിച്ചതിന്‍റെ സന്തോഷത്തില്‍ ആണ് ടീം. വലിയ തോല്‍‌വിയില്‍ അടിപതറിയ ടീമിനെ ഒരുമിച്ച് കൂട്ടി നിര്‍ത്തുന്നതില്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ഒരുപാട് പരിശ്രമിച്ചു എന്ന് വേണം കരുതാന്‍.

ചൊവ്വാഴ്‌ച നടന്ന മൽസരത്തില്‍ രാജസ്ഥാനെ തോൽപ്പിച്ച് പോയിന്റ്‌ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി ചേര്‍ന്നിട്ടുണ്ട് കൊല്‍ക്കത്ത. പതിമൂന്നു മൽസരങ്ങളില്‍ നിന്ന് ഏഴ് തോല്‍വികളുമായി പതിനാല് പോയിന്റാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം. ബാക്കിയുള്ള രണ്ടു മൽസരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രം ജയിച്ചാലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ എത്താന്‍ സാധിക്കും. ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മൽസരം.

ടീമംഗങ്ങളെ പോലെ തന്നെ രാജസ്ഥാനെതിരെയുള്ള വിജയത്തില്‍ ടീം ഉടമയായ ഷാരൂഖ് ഖാനും സന്തോഷത്തിലാണ്. ട്വിറ്ററില്‍ കൂടി ടീമിന്‍റെ വിജയത്തിന് ക്യാപ്റ്റനെയും ടീമംഗങ്ങളെയും അനുമോദനങ്ങള്‍ അറിയിക്കാനും മറന്നില്ല താരം. ‘സ്മൈല്‍സ് ടു ഗോ’ എന്നാണ് അദ്ദേഹം കാര്‍ത്തിക്കിന്റെ ചിരിക്കുന്ന മുഖത്തോട് കൂടിയുളള ചിത്രത്തിനൊപ്പം കുറിച്ചത്.

രണ്ട് തവണ ഐപിഎല്‍ ച്യാംപ്യന്മാരായ ടീമിന് തങ്ങളുടെ കരുത്ത് മൊത്തം തകര്‍ന്നു പോയിട്ടില്ല എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ഈ വിജയങ്ങള്‍ അനിവാര്യമായിരുന്നു.

നാല് ഓവറില്‍ അമ്പതു റണ്‍സ് കടന്ന രാജസ്ഥാന്‍ 200 കടക്കുമെന്നാണ് തോന്നിപ്പിച്ചിരുന്നത്. എന്നാല്‍ കുല്‍ദീപ് സിങ് നയിച്ച ബോളിങ് നിര രാജസ്ഥാനെ പിടിച്ചു കെട്ടുകയായിരുന്നു. അവസാന രണ്ടു ഓവര്‍ ബാക്കി വച്ച് നാല് വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ട്‌ 143 എന്ന വിജയലക്ഷ്യം കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ഏതായാലും ഐപിഎല്ലിന്‍റെ അടുത്ത റൗണ്ടിലും കൊല്‍ക്കത്തയെ കാണാന്‍ സാധിക്കുമെന്ന് തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook