ഏഷ്യാകപ്പ് സൂപ്പര്‍ഫോര്‍ മത്സരത്തില്‍ ഇന്ത്യ-പാക് മത്സരത്തിനിടെ മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ ഇന്ത്യന്‍ പതാക വീശിയത് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഏഷ്യകപ്പില്‍ സെപ്റ്റംബര്‍ 4 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിലാണ് ഗാലറിയില്‍ ഇരുന്ന് അഫ്രീദിയുടെ ഇളയ മകള്‍ ഇന്ത്യന്‍ പതാക വീശിയത്. ഇക്കാര്യം അഫ്രീദി തന്നെയാണ് ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ വ്യക്തമാക്കിയത്. ഒരു പാക് ചാനലിനോട് സംസാരിക്കവെയാണ് അഫ്രീദി ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്.
ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ 4 പോരാട്ടത്തില്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി. എന്നാല്‍ ആഗസ്റ്റ് 28ന് നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. മത്സരം കാനാണ്‍ തന്റെ കുടുംബം സ്റ്റേഡിയത്തിലുണ്ടെന്നും കാണികളില്‍ 90 ശതമാനം ഇന്ത്യക്കാരായിരുന്നുവെന്നും പത്ത് ശതമാനം മാത്രമായിരുന്നു പാക് ആരാധകര്‍ അതുകൊണ്ട് തന്നെ തന്റെ ഇളയ മകള്‍ക്ക് സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ പതാക കണ്ടെത്താന്‍ കഴിഞ്ഞില്ല, പാകിസ്ഥാനി പതാകകള്‍ അവിടെ ലഭ്യമായിരുന്നില്ല. അതിനാലാണ് മത്സരത്തിനിടെ മകള്‍ ഇന്ത്യന്‍ പതാക വീശിയെന്നും അഫ്രീദി പറഞ്ഞു. തന്റെ മകള്‍ ഇന്ത്യന്‍ പതാക വീശുന്നതിന്റെ വീഡിയോകള്‍ ലഭിച്ചെന്നും എന്നാല്‍ അവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തില്ലെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ 60 റണ്‍സിന്റെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഒരു പന്ത് മാത്രം ശേഷിക്കെ വിജയം കണ്ടു.