കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ രംഗത്തുളളവരും അഫ്രീദിയുടെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ചു. പാക്കിസ്ഥാന്‍ സൂപ്പര്‍ലീഗില്‍ കറാച്ചി കിങ്സിനായി കളിക്കുന്ന അഫ്രീദി പുതിയ വിവാദത്തിന് വഴി ഒരുക്കാനുളള പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്.
ഐപിഎല്ലിലേക്ക് ക്ഷണിച്ചാലും താന്‍ വരില്ല എന്നാണ് അഫ്രീദി പറഞ്ഞത്. പാക്കിസ്ഥാനിലെ ഒരു ഓണ്‍ലൈന്‍ ന്യൂസ് ചാനലിന്റെ എഡിറ്ററായ സാജ് സാദിഖ് നടത്തിയ അഭിമുഖത്തിലാണ് ഷാഹിദ് അഫ്രീദി നിലപാട് വ്യക്തമാക്കിയത്. സാദിഖ് ഇത് സംബന്ധിച്ച പ്രസ്താവന ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘അവര്‍ എന്നെ വിളിച്ചാലും ഐപിഎല്ലില്‍ കളിക്കാന്‍ പോകില്ല. എന്റെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗാണ് ഏറ്റവും വലുത്. ഐപിഎല്ലിനെ പിഎസ്എല്‍ പിന്നിലാക്കുന്ന സമയം വരും. പിഎസ്എല്‍ ഞാന്‍ ഏറെ ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ പോകേണ്ട കാര്യമില്ല. അതിലേക്ക് പോകാന്‍ ഒരു താൽപര്യവുമില്ല, താൽപര്യം ഉണ്ടായിരുന്നുമില്ല’, അഫ്രീദി പറഞ്ഞു. ഐപിഎല്‍ മികച്ച ലീഗാണെന്ന് നേരത്തെ അഫ്രീദി പറഞ്ഞിരുന്നു. ഇതിന് വിപരീതമാണ് പുതിയ പ്രസ്താവന. ആദ്യ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന് വേണ്ടി അഫ്രീദി കളിച്ചിട്ടുണ്ട്.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം അഫ്രീദി വിമർശിച്ചത്. ഇന്ത്യൻ അധീന കശ്മീരില്‍ നിഷ്കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്ന് അഫ്രീദി ട്വീറ്റിൽ കുറ്റപ്പെടുത്തി. നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്ന് കുറിച്ച അഫ്രീദി, ഐക്യരാഷ്ട്രസഭ പോലെയുളള സംഘടനകള്‍ രക്തച്ചൊരിച്ചില്‍ തടയാന്‍ ഒന്നും ചെയ്യാത്തത് അത്ഭുതപ്പെടുത്തുന്നതായി എഴുതി.

ഇതാദ്യമായല്ല അഫ്രീദി വിവാദ പരാമര്‍ശവുമായി രംഗത്ത് വരുന്നത്. കശ്മീരി ജനത പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ മാർച്ച് മാസത്തിൽ അഫ്രീദി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ ബിസിസിഐ രംഗത്തെത്തുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയില്‍ ഇന്ത്യയോട് തോറ്റശേഷമായിരുന്നു മൊഹാലിയില്‍ ന്യൂസിലൻഡിനെതിരായ മൽസരത്തിന് അന്ന് പാക്കിസ്ഥാൻ എത്തിയത്. ടോസിട്ട സമയത്ത് പാക്കിസ്ഥാന് അനുകൂലമായ ആരവം സ്റ്റേഡിയത്തില്‍ ഉയര്‍ന്നിരുന്നു. മുന്‍ പാക് ക്യാപ്റ്റനായ റമീസ് രാജ കാണികളില്‍ നിന്നും ലഭിച്ച പിന്തുണയെ കുറിച്ച് അഫ്രീദിയോട് ചോദിച്ചപ്പോഴാണ് കശ്മീരില്‍ നിന്നും ധാരാളം ആളുകള്‍ എത്തിയിട്ടുണ്ടെന്ന് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ