വീടിനു പുറത്തുളള ഒരു കായിക ഇനത്തിലും കളിക്കാന്‍ തന്റെ പെണ്‍മക്കളെ അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. തന്റെ ജീവചരിത്രം പറയുന്ന ‘ഗെയിം ചെയ്ഞ്ചര്‍’ എന്ന പുസ്തകത്തിലാണ് അഫ്രീദി ഇത് സംബന്ധിച്ച് പറയുന്നത്. അന്‍ഷ, അജ്‍വ, അസ്മറ, അഖ്സ എന്നിങ്ങനെ നാല് പെണ്‍കുട്ടികളാണ് ഷാഹിദ് അഫ്രീദിക്ക് ഉളളത്. സാമൂഹികവും വിശ്വാസപരവുമായ കാരണങ്ങളാണ് ഈ തീരുമാനമെന്നാണ് അദ്ദേഹം ജീവചരിത്രത്തില്‍ പറയുന്നത്. തന്റെ തീരുമാനത്തെ കുറിച്ച് ഫെമിനിസ്റ്റുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാമെന്നും അദ്ദേഹം പറയുന്നുണ്ട്.
‘എന്റെ തീരുമാനത്തെ കുറിച്ച് എന്ത് വേണമെങ്കിലും ഫെമിനിസ്റ്റുകള്‍ക്ക് പറയാം,’ അഫ്രീദിയുടെ ജീവചരിത്രത്തെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കായിക ഇനങ്ങളില്‍ തന്റെ പെണ്‍മക്കള്‍ മികച്ചവരാണെന്നും അഫ്രീദി പറയുന്നുണ്ട്. ‘അജ്‍വയും അസ്മറയും ഇളയവരാണെങ്കിലും നന്നായി കളിക്കുന്നവരാണ്. വീടിനകത്ത് ഉളളിടത്തോളം എന്ത് കളി കളിക്കാനും അവര്‍ക്ക് ഞാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. പക്ഷെ ക്രിക്കറ്റ് എന്റെ പെണ്‍കുട്ടികള്‍ക്ക് വേണ്ട. പൊതുവിടത്ത് എന്റെ പെണ്‍കുട്ടികള്‍ മത്സരിക്കാന്‍ ഇറങ്ങില്ല,’ ഷാഹിദ് അഫ്രീദി പറയുന്നു.
അഫ്രീദിയുടെ ആത്മകഥ ഇതിനകം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. കശ്‌മീരിനെ കുറിച്ചുള്ള നിലപാടും 2010ലെ ഒത്തുകളി വിവാദത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഗെയിം ചേഞ്ചറെ വാര്‍ത്തകളില്‍ നിറച്ചു. ഒത്തുകളി വിവാദത്തെ കുറിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് അഫ്രീദിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറുമായുള്ള ഏറ്റുമുട്ടലും ഇതിനിടെ വന്‍ വിവാദമായി.
ഗൗതം ഗംഭീറിനെതിരെ രൂക്ഷമായ വിമര്‍ശങ്ങളാണ് ആത്മകഥയില്‍ അഫ്രീദി ഉന്നയിക്കുന്നത്. വ്യക്തിത്വമില്ലാത്തയാളെന്നും നെഗറ്റീവ് മനോഭാവമുള്ളയാളെന്നുമൊക്കെയാണ് ഗംഭീറിനെ പുസ്തകത്തില്‍ അഫ്രീദി വിശേഷിപ്പിച്ചിരിക്കുന്നത്.
അഫ്രീദിയും ഗംഭീറും തമ്മിലുള്ള കളിക്കളത്തിലെ ശത്രുത നേരത്തേ പ്രസിദ്ധമാണ്. കളിക്കളത്തില്‍ തീരുന്നതല്ല ആ ശത്രുതയെന്നാണ് തന്റെ ആത്മകഥയിലൂടെ അഫ്രീദി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ചില ശത്രുതകള്‍ തികച്ചും പ്രൊഫഷണലാണ്. എന്നാല്‍ മറ്റു ചിലതാകട്ടെ വ്യക്തിപരവും. അത്തരത്തിലുള്ള ഒന്നാണ് ഗംഭീറുമായുള്ളത്. ഗംഭീര്‍ കാര്യങ്ങളെ നോക്കിക്കാണുന്ന രീതി ശരിയല്ല, സ്വന്തമായി വ്യക്തിത്വമില്ലാത്തയാളാണ് അയാള്‍. പ്രത്യേകിച്ച് റെക്കോർഡുകളൊന്നും നേടാനായിട്ടില്ലെങ്കിലും കുപ്രസിദ്ധി നിരവധിയുണ്ട്’ എന്നിങ്ങനെ പോകുന്നു അഫ്രീദിയുടെ ആരോപണങ്ങള്‍.
‘ഡോണ്‍ ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ കുഞ്ഞെന്ന പോലെയാണ് പലപ്പോഴും ഗംഭീറിന്റെ പെരുമാറ്റം. സന്തോഷത്തോടെയുള്ള പോസിറ്റീവ് ചിന്താഗതിയുള്ള മനുഷ്യരെയാണ് എനിക്കിഷ്ടം. അവര്‍ പോരാട്ടവീര്യമുള്ളവരാണോ അത് പ്രകടിപ്പിക്കുന്നവരാണോ എന്നത് ഒരു പ്രശ്‌നമല്ല. പക്ഷേ നിങ്ങള്‍ക്ക് പോസിറ്റീവ് മനോഭാവം വേണം. ഗംഭീറിന് അതില്ല’ അഫ്രീദി ഗംഭീറിനെക്കുറിച്ച് എഴുതുന്നു.
കാണ്‍പൂരില്‍ 2007ല്‍ നടന്ന ഇന്ത്യ പാക്കിസ്ഥാന്‍ ഏകദിനത്തിനിടെയാണ് ഗംഭീര്‍ അഫ്രീദി ശത്രുതയുടെ തുടക്കം. അക്കാര്യവും അഫ്രീദി ആത്മകഥയില്‍ ഓര്‍ക്കുന്നുണ്ട്.’2007 ഏഷ്യകപ്പിനിടെയായിരുന്നു ആ സംഭവം. സിംഗിളെടുക്കുന്നതിനിടെ ബോളറായ തന്നെ യാതൊരു പ്രകോപനവുമില്ലാതെ ഇടിക്കുകയായിരുന്നു. അമ്പയര്‍മാര്‍ ഇടപെട്ടില്ലെങ്കില്‍ ഞാന്‍ തന്നെ ആ പ്രശ്‌നം പരിഹരിക്കുമായിരുന്നു. പരസ്പരം ബന്ധുക്കളായ സ്ത്രീകളെ ലക്ഷ്യംവച്ചുള്ള മോശം പ്രയോഗങ്ങളും നടന്നു’ അഫ്രീദി പുസ്തകത്തില്‍ പറയുന്നു.