കറാച്ചി: ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നിന് തിരശ്ശീല വീഴുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിന് ഉടമയാണ് ഷാഹിദ് അഫ്രീദി. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നുണയ്ക്ക് അഫ്രീദി ഇന്ന് അവസാനം കുറിച്ചിരിക്കുകയാണ്. തന്റെ യഥാര്‍ത്ഥ പ്രായം പുറത്ത് വിട്ടാണ് താര്യം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
തന്റെ ആത്മകഥയായ ഗെയിം ചെയ്ഞ്ചറിലാണ് അഫ്രീദിയുടെ വെളിപ്പെടുത്തല്‍. 1996 ല്‍ തന്നെ പാക്കിസ്ഥാന്‍ ടീമിലെടുക്കുന്നതിനെ കുറിച്ച് പറയുന്നിടത്താണ് അഫ്രീദിയുടെ വെളിപ്പെടുത്തല്‍. തന്റെ ഔദ്യോഗിക രേഖകളില്‍ പറയുന്നത് പോലെ 1980 ല്‍ അല്ല താന്‍ ജനിച്ചതെന്നും യഥാര്‍ത്ഥത്തില്‍ താന്‍ 1975 ലാണ് ജനിച്ചതെന്നും അഫ്രീദി പറയുന്നു. മാസവും തിയ്യതിയും താരം വെളിപ്പെടുത്തിയിട്ടില്ല.
ഇത് പ്രകാരം ഔദ്യോഗിക കണക്കുകളില്‍ പറയുന്നത് പോലെ 16-ാം വയസിലല്ല 21-ാം വയസിലായിരുന്നു അഫ്രീദിയുടെ അരങ്ങേറ്റമെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അഫ്രീദിയുടെ അരങ്ങേറ്റം. 37 പന്തുകളില്‍ സെഞ്ചുറി നേടി അഫ്രീദി ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിക്കുകയായിരുന്നു. 17 കൊല്ലത്തോളം നില നിന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ ഒരു നുണയാണെന്ന് വ്യക്തമായിരിക്കുന്നത്.
Alhamdulillah, #GameChanger is already making waves. But dont go for the media hype! To appreciate what @wajskhan & I have penned in my bio, please READ THE BOOK (yet to get my 1st copy!) If I’ve been tough on someone, I’ve given them credit where its due! #TruthFirst #HopeNotOut
— Shahid Afridi (@SAfridiOfficial) May 2, 2019
ഒരു 16 കാരനെങ്ങനെ ഇതുപോലൊരു ഇന്നിങ്‌സ് കളിച്ചെന്ന ക്രിക്കറ്റ് ലോകത്തിന്റെ അമ്പരപ്പിനും ഇതോടെ അന്ത്യമായി. എന്നാല്‍ തന്റെ പ്രായം പറയുന്നതില്‍ അഫ്രീദി വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണെന്ന് പുസ്തകത്തില്‍ നിന്നും മനസിലാകുന്നു. പുസ്തകത്തില്‍ തന്റെ അരങ്ങേറ്റ സമയത്തെ പ്രായം അവര്‍ പറയുന്നത് പോലെ 16 അല്ല 19 ആണെന്നാണ് അഫ്രീദി പറയുന്നത്. എന്നാല്‍ 1975 ലാണ്, അഫ്രീദി തന്നെ പറയുന്നത് പ്രകാരം, ജനിച്ചതെങ്കില്‍ 1996 ല്‍ അരങ്ങേറുമ്പോള്‍ പ്രായം 20-21 ആയിരിക്കും.
പാക്കിസ്ഥാന്റെ അണ്ടര്‍ 19 ടീമില്‍ നിന്നുമാണ് അഫ്രീദി സീനിയര്‍ ടീമിലേക്ക് എത്തുന്നത്. താരത്തിന്റെ വെളിപ്പെടുത്തല്‍ പ്രകാരം അണ്ടര്‍ 19 ടീമില്‍ കളിക്കുമ്പോള്‍ അഫ്രീദിയുടെ പ്രായം 21 ആയിരിക്കണം. അങ്ങനെയെങ്കില്‍ അത് നിയമവിരുദ്ധമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും വെളിപ്പെടുത്തല്‍ അഫ്രീദിയെ സാരമായി തന്നെ ബാധിക്കുമെന്നുറപ്പാണ്.
താരത്തിന്റെ വെളിപ്പെടുത്തല്‍ ഐസിസി പരിഗണിക്കുമോ എന്നത് കണ്ടറിയണം. അങ്ങനെയെങ്കില്‍ അഫ്ഗാന്‍ താരമായ ഉസ്മാന്‍ ഘനിയ്ക്ക് അത് നേട്ടമാകും. 17-ാം വയസില്‍ സിംബാവെയ്‌ക്കെതിരെ സെഞ്ചുറി നേടിയ താരമാകും അഫ്രീദി കൈവശം വച്ചിരുന്ന റെക്കോര്‍ഡിന്റെ അവകാശി. 2016 ല്‍ ടി20 ലോകകപ്പിന് പിന്നാലെയാണ് അഫ്രീദി വിരമിക്കുന്നത്.