സ്വിറ്റ്‌സർലൻഡിലെ ആൽപ്‌സ് ക്രിക്കറ്റ് പർവ്വത നിരകളിൽ നടന്ന പ്രഥമ ഐസ് ക്രിക്കറ്റ് ടൂർണമെന്റ് കാണാനെത്തിയ ഇന്ത്യൻ ആരാധികയോട് ഷാഹിദ് അഫ്രീദി കാട്ടിയ സ്നേഹത്തിന്രെ വീഡിയോ വൈറലായിരുന്നു. സെൽഫിക്കായി ഒപ്പം നിന്ന ആരാധികയോട് കൈയ്യിൽ ഇരിക്കുന്ന ഇന്ത്യൻ പതാക നിവർത്തിപ്പിടിച്ച് ഫോട്ടോയെടുക്കാമെന്നാണ് അഫ്രീദി പറഞ്ഞത്. ഇന്ത്യൻ ആരാധികയോടും ഇന്ത്യൻ ദേശീയപതാകയോടും അഫ്രീദി കാട്ടിയ ബഹുമാനം ഇന്ത്യൻ ആരാധകരുടെ ഒന്നടങ്കം മനം കവർന്നിരുന്നു.

ഒരൊറ്റ വീഡിയോയിലൂടെ അഫ്രീദിയുടെ ഇന്ത്യൻ ആരാധകരുടെ എണ്ണം പതിന്മടങ്ങാണ് വർധിച്ചത്. വൈറലായ വീഡിയോയെക്കുറിച്ച് അഫ്രീദി ഡോൺ ദിനപത്രത്തിനോട് പറഞ്ഞത് ഇതാണ്, ”മറ്റു രാജ്യങ്ങളുടെയും ദേശീയ പതാകയെ ഞങ്ങൾ ബഹുമാനിക്കുന്നവരാണ്. അതിനാലാണ് പതാക നിവർത്തിപ്പിടിക്കാൻ പറഞ്ഞത്. മാത്രമല്ല അതിലൂടെ നല്ലൊരു ഫോട്ടോ പകർത്താൻ കഴിയുമെന്നും ഞാൻ കരുതി”.

Read More: സെൽഫിക്കായി അടുത്തെത്തിയ ഇന്ത്യൻ ആരാധികയോട് ഷാഹിദ് അഫ്രീദി പറഞ്ഞത്!

ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരത്തെക്കുറിച്ചും ഐസ് ക്രിക്കറ്റിൽ വീരേന്ദർ സെവാഗിന്റെ ടീമുമായി കളിച്ചതിനെക്കുറിച്ചും അഫ്രീദി സംസാരിച്ചു. ”ക്രിക്കറ്റ് മൽസരത്തിലൂടെ ഇരുരാജ്യങ്ങളുടെയും ബന്ധം സുഗമമായി പോകണമെന്നാണ് രണ്ടു രാജ്യങ്ങളിലെയും കളിക്കാർ ആഗ്രഹിക്കുന്നത്. സമാധാനത്തിന്റെ അംബാഡർമാരാണ് ഞങ്ങൾ. ലോകം മുഴുവൻ സന്തോഷവും സമാധാനവും പരത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങൾ (സെവാഗ്) ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഐസ് ക്രിക്കറ്റിൽ കളിക്കാൻ കഴിഞ്ഞത് നല്ലൊരു അനുഭവമാണ്”.

ഐസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഷാഹിദ് അഫ്രീദിയുടെ റോയൽസ് ടീം രണ്ടാം ജയം നേടിയിരുന്നു. വിരേന്ദർ സെവാഗിന്റെ ഡയമണ്ട്സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അഫ്രീദിയുടെ സംഘം 2-0 ന് പരമ്പര തൂത്തുവാരിയത്. മൽസരം കാണാനായി നിരവധി ആരാധകരും എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ