ന്യൂഡൽഹി: ലോകം മുഴുവൻ  കോവിഡ്-19നെതിരായ പ്രവർത്തനങ്ങളിൽ ഒന്നിച്ച് നിൽക്കുമ്പോഴും പ്രാദേശിക വൈരം വെളിവാക്കുന്ന ചില നിർഭാഗ്യ സംഭവങ്ങൾക്കും നമ്മൾ സാക്ഷിയായി. അത്തരത്തിൽ പ്രധാനപ്പെട്ട ഒന്ന് കായിക ലോകത്തുനിന്നുമുണ്ടായെന്നത് പലരെയും ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു.

പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള ഫൗണ്ടേഷന് ഇന്ത്യയുടെ ലോകകപ്പ് താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും സംഭാവന നൽകിയതിനെതിരെയായിരുന്നു ഒരുകൂട്ടം ആളുകൾ വിമർശനവുമായി രംഗത്തെത്തിയത്. ഇപ്പോൾ സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് അഫ്രീദി തന്നെ.

മനുഷ്യരാശിക്കു വേണ്ടി നിലകൊണ്ട ഇരുവരെയും പിന്തുണയ്ക്കാൻ ആരുമില്ലാതെ പോയതും ഇവർ കടുത്ത വിമർശനം നേരിടേണ്ടി വന്നതും അദ്ഭുതപ്പെടുത്തിയെന്ന് അഫ്രീദി പറഞ്ഞു. യുവരാജ് സിങ്ങിന്റെ ഫൗണ്ടേഷന് കാനഡയിൽ വച്ച് താൻ 10000 യുഎസ് ഡോളർ (ഏകദേശം 7.5 ലക്ഷത്തിലധികം രൂപ) സംഭാവനയായി നൽകിയിരുന്നു. അന്ന് ഒരു പാക്കിസ്ഥാൻക്കാരൻ പോലും തന്നെ കുറ്റപ്പെടുത്തിയില്ലെന്നും അഫ്രീദി പറഞ്ഞു.

Also Read: പ്രണയത്തിനു പ്രായമില്ല; നെയ്‌മറിന്റെ അമ്മയുടെ പുതിയ ജീവിതപങ്കാളി ഇരുപത്തിരണ്ടുകാരൻ

“ഞാൻ കാനഡയിലായിരുന്ന സമയത്ത് യുവരാജ് സിങ്ങിന്റെ ഫൗണ്ടേഷന് 10,000 യുഎസ് ഡോളർ സംഭാവന നൽകി. പാക്കിസ്ഥാനിലെ ജനങ്ങൾ എന്നെ പിന്തുണയ്ക്കുക മാത്രമേ ചെയ്തുള്ളൂ. ആരും വിമർശിച്ചില്ല. കുറ്റപ്പെടുത്തിയില്ല. എന്തിനാണ് യുവിയെ സഹായിച്ചതെന്ന് ചോദ്യം ചെയ്തില്ല. ഇന്ത്യയെ പിന്തുണച്ചതെന്തെന്നും ചോദിച്ചില്ല,” അഫ്രീദിയെ ഉദ്ധരിച്ച് പാക്കിസ്ഥാനിലെ സ്പോർട്സ് ലേഖകൻ സാജ് സാദിഖ് ട്വിറ്ററിൽ കുറിച്ചു.

മനുഷ്യരാശിക്കുവേണ്ടി കഠിനമായി അധ്വാനിക്കുന്ന വ്യക്തിയാണ് യുവരാജ് സിങ്ങെന്നും അഫ്രീദി കൂട്ടിച്ചേർത്തു. യുവരാജിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കണമെന്ന് ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു അഫ്രീദി.

Also Read: ശ്രീശാന്തിനെ ഹർഭജൻ തല്ലിയതിന് പിന്നിലെ സാഹചര്യം വ്യക്തമാക്കി മുൻ മുംബൈ താരം

സിന്ധ് പ്രവിശ്യയിൽ തന്റെ ഫൗണ്ടേഷൻ ചെയ്യുന്ന കാരുണ്യ പ്രവർത്തികളിൽ 54 ശതമാനത്തോളം ഹിന്ദു മതത്തിൽപ്പെട്ടവർക്കായാണ്. ഹിന്ദു സമൂഹത്തിൽപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാൻ കറാച്ചിയിൽ ഞങ്ങൾ പ്രത്യേകം ക്യാംപ് നടത്തി. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെയും സഹായിക്കുന്നുണ്ട്. ഇതു തുടരുമെന്നും അഫ്രീദി പറഞ്ഞതായി സാജ് ട്വീറ്റ് ചെയ്യുന്നു.

പാക്കിസ്ഥാനിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന അഫ്രീദി ഫൗണ്ടഷന്  യുവരാജ് സിങ്ങും ഹര്‍ഭജന്‍ സിങ്ങും പിന്തുണച്ചിരുന്നു. ഇതൊടൊപ്പം അഫ്രീദി ഫൗണ്ടേഷനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവരാജ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണ് ആരാധകരെ ചൊടിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാന്‍ പറയാതെ അഫ്രീദിയുടെ ഫൗണ്ടേഷന് പണം സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ വിമർശിച്ചായിരുന്നു ആളുകൾ താരത്തിനെതിരെ തിരിഞ്ഞത്.

പാകിസ്താനില്‍ ഇതുവരെ 5,716 പേര്‍ക്ക് കോവിഡ്-19 രോഗം സ്ഥിരീകരിക്കുകുയം 96 പേര്‍ മരിക്കുകയും ചെയ്തിരുന്നു. 1,378 പേര്‍ സുഖം പ്രാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook