ന്യൂഡൽഹി: ഇന്ത്യൻ അധീന കാശ്‌മീരുമായി ബന്ധപ്പെട്ട പാക് മുൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദിയുടെ ട്വീറ്റിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഗൗതം ഗംഭീർ. യുഎൻ എന്നാൽ അണ്ടർ 19 ആണെന്നാണ് ഷാഹിദ് അഫ്രീദി മനസിലാക്കിയിരിക്കുന്നതെന്ന് പറഞ്ഞ ഗംഭീർ , നോ ബോളിൽ പുറത്തായതിന്റെ ആഘോഷമാണ് അഫ്രീദി നടത്തുന്നതെന്നും പരിഹസിച്ചു.

“ഷാഹിദ് അഫ്രീദി നമ്മുടെ കാശ്മീരിനെയും ഐക്യരാഷ്ട്രസഭയെയും കുറിച്ച് നടത്തിയ പരാമർശത്തിൽ പ്രതികരണമാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ എന്നെ സമീപിച്ചിരുന്നു. ഇതിലെന്താണ് പറയേണ്ടത്? യുഎൻ എന്നാൽ അണ്ടർ 19 എന്ന ബോധത്തിലാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് തോന്നുന്നു. ഷാഹിദ് അഫ്രീദി നോ ബോളിൽ പുറത്തായത് ആഘോഷിക്കുകയാണ്. മാധ്യമങ്ങൾക്ക് വിശ്രമിക്കാം,” ഗംഭീർ കുറിച്ചു.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ രൂക്ഷമായ ഭാഷയിലാണ് പാക് മുൻ ക്രിക്കറ്റർ അഫ്രീദി വിമർശിച്ചത്. ഇന്ത്യൻ അധീന കശ്മീരില്‍ നിഷ്കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്ന് അഫ്രിദി ട്വീറ്റിൽ കുറ്റപ്പെടുത്തി. നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്ന് കുറിച്ച അഫ്രീദി, ഐക്യരാഷ്ട്രസഭ പോലെയുളള സംഘടനകള്‍ രക്തച്ചൊരിച്ചില്‍ തടയാന്‍ ഒന്നും ചെയ്യാത്തത് അത്ഭുതപ്പെടുത്തുന്നതായി എഴുതി.

ഇതാദ്യമായല്ല അഫ്രീദി വിവാദ പരാമര്‍ശവുമായി രംഗത്ത് വരുന്നത്. കശ്മീരി ജനത പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ മാർച്ച് മാസത്തിൽ അഫ്രീദി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ ബിസിസിഐ രംഗത്തെത്തുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയില്‍ ഇന്ത്യയോട് തോറ്റശേഷമായിരുന്നു മൊഹാലിയില്‍ ന്യൂസിലൻഡിനെതിരായ മൽസരത്തിന് അന്ന് പാക്കിസ്ഥാൻ എത്തിയത്. ടോസിട്ട സമയത്ത് പാക്കിസ്ഥാന് അനുകൂലമായ ആരവം സ്റ്റേഡിയത്തില്‍ ഉയര്‍ന്നിരുന്നു. മുന്‍ പാക് ക്യാപ്റ്റനായ റമീസ് രാജ കാണികളില്‍ നിന്നും ലഭിച്ച പിന്തുണയെ കുറിച്ച് അഫ്രീദിയോട് ചോദിച്ചപ്പോഴാണ് കശ്മീരില്‍ നിന്നും ധാരാളം ആളുകള്‍ എത്തിയിട്ടുണ്ടെന്ന് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook