ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ മുൻ പാക് താരം ഷാഹിദ് അഫ്രീദിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും താരങ്ങളും. പാക്കിസ്ഥാൻ അധിനിവേശ കശ്മീർ സന്ദർശന വേളയിലാണ് അഫ്രീദി പ്രധാനമന്ത്രി മോദിയെ കൊറോണ വൈറസുമായി താരതമ്യപ്പെടുത്തിയത്. ഇതിനെതിരെ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും അടക്കമുള്ള താരങ്ങൾ രംഗത്തെത്തി.
“അദ്ദേഹം നല്ലൊരു സുഹൃത്താണെന്നാണ് കരുതിയത്. എന്നാൽ ഒരു നല്ല സുഹൃത്ത് ഇങ്ങനല്ല പെരുമാറുന്നത്. അദ്ദേഹം അതിരുവിട്ട് നമ്മുടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും കുറിച്ച് മോശമായി സംസാരിക്കുന്നു. കൊറോണ വൈറസ് മൂലം കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടിയാണ് ഞാൻ സഹായിച്ചത്. എന്നാൽ ഇപ്പോൾ മുതൽ അദ്ദേഹവുമായി ബന്ധവുമില്ല. സന്ദേശവും സഹായവുമില്ല. മറ്റുള്ളവരെ ബഹുമാനിക്കാൻ അദ്ദേഹത്തിന് അറിയില്ല,” ഹർഭജൻ സിങ് പറഞ്ഞു.
അതിർത്തികൾക്കും മതങ്ങൾക്കും ജാതിക്കും അതീതമായി നീളുന്ന പോരാട്ടമാണ് കൊറോണ വൈറസിനെതിരെയെന്ന് നമ്മുടെ പ്രധാനമന്ത്രി പോലും പറഞ്ഞിട്ടുണ്ടെന്നും ഹർഭജൻ ഓർമ്മപ്പെടുത്തി. ഇന്ത്യയ്ക്കെതിരെ മോശമായി സംസാരിക്കാൻ അദ്ദേഹത്തിന് അവകാശമില്ല, അദ്ദേഹം തന്റെ രാജ്യത്തും പരിധികളിലും തുടരണമെന്നും ഹർഭജൻ പറഞ്ഞു.
യുവരാജും അഫ്രീദിക്കെതിരെ ആഞ്ഞടിച്ചു. അഫ്രീദിയുടെ വാക്കുകൾ ശരിക്കും നിരാശപ്പെടുത്തിയെന്നും അത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഷാഹിദ് അഫ്രീദിയുടെ പരാമർശത്തിൽ ശരിക്കും നിരാശ തോന്നി. രാജ്യത്തിന് വേണ്ടി കളിച്ച ഉത്തരവാദിത്തമുള്ള ഇന്ത്യക്കാരനെന്ന നിലയിൽ ഞാൻ ഒരിക്കലും അത്തരം വാക്കുകൾ അംഗീകരിക്കില്ല. മനുഷ്യത്വത്തിനുവേണ്ടി ഞാൻ നിങ്ങളുടെ നിർദേശപ്രകാരം ഒരു അഭ്യർത്ഥന നടത്തി. എന്നാൽ ഇനി ഒരിക്കലും അതുണ്ടാകില്ല. ജയ് ഹിന്ദ്,” യുവരാജ് ട്വീറ്റ് ചെയ്തു.
പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള സംഘടനയ്ക്ക് കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് സാമ്പത്തിക സഹായം നൽകിയതിന് യുവരാജ് സിങ്ങും ഹർർഭജനും വിവാദക്കുരുക്കിലായിരുന്നു. ഈ സാഹചര്യത്തിൽ ആദ്യം പ്രതികരണവുമായി എത്തിയതും അതേ താരങ്ങൾ എന്നതും ശ്രദ്ധേയമാണ്.