ദിനേശ് കാർത്തിക് നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ പതിനൊന്നാം സീസണിലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരിക്കുകയാണ്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചാണ് കൊൽക്കത്ത യോഗ്യത നേടിയത്.

കൊൽക്കത്ത ഉയർത്തിയ 170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് 144 റൺസെടുക്കാനേ കഴിഞ്ഞുളളൂ. രഹാനെയും സഞ്ജുവും രാജസ്ഥാനായി പൊരുതിയെങ്കിലും വിജയം നേടാനായില്ല. കൊൽക്കത്തൻ ബോളർമാർക്കു മുന്നിൽ രാജസ്ഥാൻ നിര തകർന്നടിയുകയായിരുന്നു. സഞ്ജു സാംസൺ 50 റൺസും രഹാനെ 46 റൺസുമെടുത്തു.

ദിനേഷ് കാർത്തിക്കും ആന്ദ്രെ റസലുമാണ് കൊൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ വമ്പൻ അടികളിലൂടെ ആന്ദ്രെ റസൽ കൊൽക്കത്തയുടെ സ്കോർ 160 ൽ കടത്തി. ബാറ്റ്സ്മാന്മാരെപ്പോലെ ബോളർമാരും മികച്ച ഫോം പുറത്തെടുത്തപ്പോൾ കൊൽക്കത്ത വിജയം കൈപ്പിടിയിലൊതുക്കി.

കൊൽക്കത്തയുടെ വിജയം താരങ്ങളെപ്പോലെ ഏറെ സന്തോഷിപ്പിച്ചത് ടീം ഉടമ ഷാരൂഖ് ഖാനെയായിരുന്നു. കൊൽക്കത്തയുടെ ഒട്ടുമിക്ക മൽസരങ്ങൾക്കും ഗ്യാലറിയിൽ ഉണ്ടാവുമായിരുന്ന ഷാരൂഖിന് കഴിഞ്ഞ മൽസരം കാണാനായില്ല. തന്റെ പുതിയ ചിത്രമായ സീറോയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ഷാരൂഖ്. തന്റെ ടീം രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയെന്നറിഞ്ഞ ഷാരൂഖ് പിന്നെ ഒട്ടും താമസിച്ചില്ല. കുളിക്കുന്നതിനിടയിൽനിന്ന് തന്റെ ടീമിന് ആശംസ നേർന്നു.

”ഷൂട്ടിങ്ങിന് റെഡിയാകേണ്ടതിനാൽ കൊൽക്കത്തയുടെ മികച്ച കളി കാണാനായില്ല. കുളിക്കുന്നതിനിടയിൽനിന്ന് എന്റെ സ്നേഹം ടീമിനെ അറിയിക്കുന്നു. നിങ്ങളിൽ ഞാൻ അഭിമാനിക്കുന്നു, നിങ്ങളുടെ വിജയത്തിൽ ഞാൻ സന്തോഷിക്കുന്നു” ഷാരൂഖ് ട്വീറ്റ് ചെയ്തു.

വെളളിയാഴ്‌ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ അജിങ്ക്യ രഹാനെ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദാണ് കൊൽക്കത്തയുടെ എതിരാളികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook