മെൽബൺ: ഇന്ത്യൻ സീനിയർ വനിതാ ക്രിക്കറ്റ് ടീമിൽ ചെറിയ പ്രായത്തിനുള്ളിൽ തന്നെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞ താരമാണ് പതിനാറുകാരി ഷഫാലി വർമ. വെടിക്കെട്ട് ഇന്നിങ്സുകളുമായി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ടീമിൽ ഷഫാലിയുണ്ട്. ലോകകപ്പിലേക്ക് എത്തുമ്പോഴും സ്മൃതി മന്ദാനയും ജെമിമ റോഡ്രിഗസും ഹർമൻപ്രീത് സിങ്ങുമെല്ലാം ഉൾപ്പെടുന്ന ഇന്ത്യൻ ബാറ്റിങ്നിരയെ മുന്നിൽനിന്ന് നയിക്കുന്നത് ഈ ഹരിയാനക്കാരിയാണ്.

ലോകകപ്പിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. മൂന്ന് ജയത്തിലും ഷഫാലിയെന്ന ഓപ്പണറുടെ സാന്നിധ്യം ശ്രദ്ധേയമാണ്. കരുത്തരായ ഓസ്ട്രേലിയക്കെതിരെ 15 പന്തിൽ 29 റൺസുമായി മികച്ച തുടക്കം നൽകിയ ഷഫാലി ഒരു സിക്സും അഞ്ച് ഫോറും പായിച്ചു. ഷഫാലിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയുടെ പോരാട്ടം 115 റൺസിൽ അവസാനിച്ചു.

India Women,New Zealand Women, T20 World cup, match result, ഇന്ത്യൻ വനിത, ടി20 ലോകകപ്പ്, ie malayalam, ഐഇ മലയാളം

ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയുടെ അടുത്ത മത്സരം. ബംഗ്ലാ കടുവകളെ നിരന്തരം നിർഭയം ബൗണ്ടറിക്ക് മുകളിലൂടെ പായിക്കാനാണ് രണ്ടാം മത്സരത്തിൽ ഷഫാലി ശ്രമിച്ചത്. നാല് സിക്സും രണ്ട് ഫോറും അടക്കം 17 പന്തിൽ 39 റൺസ് നേടിയ ഷഫാലി മികച്ച തുടക്കം നൽകിയതോടൊപ്പം 142 റൺസെന്ന സ്കോറിലേക്കും ഇന്ത്യയെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യൻ ജയം 18 റൺസിന്.

മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡായിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കിവികളുടെ മുന്നിൽ തോൽവി വഴങ്ങിയ ഇന്ത്യ അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പൊരുതാൻ തീരുമാനിച്ച ഇന്ത്യയ്ക്കുവേണ്ടി ഓപ്പണറായി ഇറങ്ങിയ ഷഫാലി ഒരിക്കൽ കൂടി വെടിക്കെട്ട് തീർത്തു. ഇത്തവണയും ബൗണ്ടറിക്ക് പഞ്ഞമില്ല. മൂന്ന് സിക്സും നാല് ഫോറും അടക്കം കിവികൾക്കെതിരെ ഷഫാലി നേടിയത് 34 പന്തിൽ 46 റൺസ്.

india women cricket, ഇന്ത്യ,shafali verma, ഷഫാലി വര്‍മ,smriti mandhana, സ്മൃതി മന്ദാന,india women vs west indies women, ie malayalam

ഇന്ത്യൻ നിരയിലെ ഏറ്റവും ആക്രമണകാരിയായ താരമാണ് ഷഫാലി. സ്റ്റമ്പിലേക്ക് വരുന്ന പന്തുകൾ ബൗണ്ടറിയിലേക്ക് പായിക്കാനാണ് ഈ പതിനാറുകാരിക്ക് കൂടുതൽ താൽപ്പര്യം. നിസാരക്കാരിയല്ല ഷഫാലി, സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 30 കൊല്ലം പഴക്കമുള്ള റെക്കോര്‍ഡ് ഇപ്പോൾ താരത്തിന്റെ പേരിലാണ്. രാജ്യന്തര ക്രിക്കറ്റിലെ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ഷഫാലിയാണ്. 2019 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ഷഫാലിയുടെ പ്രകടനം, അന്ന് താരത്തിന്റെ പ്രായം 15 വയസും 285 ദിവസവും.

ലോകകപ്പ് റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് ഷഫാലി. ഒന്നാം സ്ഥാനത്തുള്ള അലിസ ഹീലിയുടെ അക്കൗണ്ടിൽ 134 റൺസും രണ്ടാം സ്ഥാനത്തുള്ള ഹീത്തർ നൈറ്റിന്റെയും ഷഫാലിയുടെയും ബാറ്റിൽനിന്ന് ഇതുവരെ പിറന്നത് 114 റൺസുമാണ്. ടൂർണമെന്റിലെ ഏറ്റവും പ്രഹരശേഷിയുള്ള താരവും ഏറ്റവും കൂടുതൽ സിക്സർ പായിച്ച താരവും ഷഫാലി തന്നെ. 172.73 ആണ് ഷഫാലിയുടെ പ്രഹരശേഷി. ഇതുവരെ എട്ട് സിക്സുകളും പായിച്ചു കഴിഞ്ഞു താരം.

ലോകകപ്പിൽ സെമിയുറപ്പിച്ച ഇന്ത്യയുടെ മുന്നോട്ടുള്ള മത്സരങ്ങളിലും പ്രധാന പ്രതീക്ഷ ഷഫാലിയിൽ തന്നെയാണ്. പ്രാഥമിക ഘട്ടത്തിൽ ഇനി ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. സെമിയിലും ഫൈനലിലും ഷഫാലിയുടെ ബാറ്റ് തിളങ്ങിയാൽ ഇത്തവണ കിരീടം ഇന്ത്യയിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ബാറ്റിങ് നിരയിലെ മറ്റു താരങ്ങൾക്കു കൂടി റൺസ് കണ്ടെത്താനായാൽ ഇന്ത്യയെ പിടിച്ചുകെട്ടുക അത്ര എളുപ്പമാകില്ല. ബോളിങ് നിരയുടെ മികവുകൂടിയാണ് കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ വിജയം ഉറപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook