സെന്റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പരയില്‍ ഇന്ത്യ ജയിച്ചുതുടങ്ങി. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ജയിച്ചതോടെ ഇന്ത്യന്‍ പെണ്‍പട തുടക്കത്തിലേ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 84 റണ്‍സിനായിരുന്നു ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തുകളഞ്ഞത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മയുടെയും സ്മൃതി മന്ദാനയുടെയും മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ വിന്‍ഡീസ് ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പക്ഷെ വിന്‍ഡീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഓപ്പണിങ് സഖ്യം കത്തിക്കയറി. ഷഫാലിയും മന്ദാനയും ചേര്‍ന്ന് 143 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 15 വയസുകാരിയായ ഷഫാലിയാണ് കൂടുതല്‍ ആക്രമിച്ചുകളിച്ചത്. താരം 49 പന്തുകളില്‍നിന്നു 73 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ മന്ദാന 46 പന്തില്‍ 67 റണ്‍സുമായി ഒപ്പത്തിനൊപ്പം കളിച്ചു.

ആറ് ഫോറും നാല് സിക്‌സുമടങ്ങുന്നതായിരുന്നു ഷഫാലിയുടെ വെടിക്കെട്ട്. ഷഫാലിയുടെ ആദ്യ രാജ്യാന്തര അര്‍ധ സെഞ്ചുറിയാണിത്. അഞ്ചാമത്തെ ടി20 മത്സരത്തിലാണ് താരത്തിന്റെ നേട്ടം.

Read More: അടിച്ചുതകര്‍ത്ത് തിരിച്ചുവരവ്, മന്ദാനയ്ക്ക് റെക്കോര്‍ഡ്; മുന്നില്‍ ധവാന്‍ മാത്രം

ഈ പ്രകടനം മന്ദാനയ്ക്കും ഷഫാലിയ്ക്കും പുതിയൊരു റെക്കോര്‍ഡും നേടിക്കൊടുത്തു. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് മന്ദാനയും ഷഫാലിയും നേടിയത്. 2013 ല്‍ തിരുഷ് കമിനിയും പൂനം റൗത്തും ചേര്‍ന്നു നേടിയ 130 റെക്കോര്‍ഡാണ് ഇരുവരും തിരുത്തിയത്. 16-ാം ഓവറില്‍ ഷഫാലി പുറത്താകുന്നതോടെയാണ് കൂട്ടുകെട്ട് തകര്‍ന്നത്.

ഈ കൂട്ടുകെട്ടിന് തകര്‍ന്നതോടെ ഇന്ത്യയൊന്ന് പതറിയെങ്കിലും നായിക ഹര്‍മന്‍പ്രീത് നേടിയ 21 (13) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് ഇന്ത്യ എടുത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് പക്ഷെ 101 റണ്‍സ് മാത്രമാണ് എടുക്കാനായത്. കളിയവസാനിക്കുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 101-9 എന്ന നിലയിലായിരുന്നു. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ദീപ്തി ശര്‍മയും പൂജ വസ്ത്രകാറും ഓരോ വിക്കറ്റും വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook