മെൽബൺ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ആദ്യ വിക്കറ്റ് നഷ്ടമായി. വെടിക്കെട്ട് പ്രകടനങ്ങളുമായി ഇന്ത്യയെ ലോകകപ്പ് ഫൈനൽ വരെയെത്തിച്ച പതിനാറുകാരി ഷഫാലി വർമ്മയ്ക്ക് എന്നാൽ കലാശപോരാട്ടത്തിൽ തിളങ്ങാനായില്ല. നേരിട്ട മൂന്നാം പന്തിൽ തന്നെ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി ഷഫാലി പുറത്താവുകയായിരുന്നു. രണ്ട് റൺസ് മാത്രമാണ് ഫൈനലിൽ ഷഫാലിക്ക് നേടാനായത്.
ഓസ്ട്രേലിയ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിക്കാനുള്ള ഷഫാലിയുടെ ശ്രമം ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയിരുന്നു. എന്നാൽ ഓവറിലെ മേഗൻ ഷട്ടിന്റെ മൂന്നാം പന്തിൽ എലിസ ഹീലിക്ക് ക്യാച്ച് നൽകി ഷഫാലി.
താനിയ ഭാട്ടിയ റിട്ടയ്ർട് ഹർട്ടായതോടെ ഇന്ത്യയ്ക്ക് ഇരട്ടി പ്രഹരമായി. പിന്നാലെ എത്തിയ ജെമിമയക്ക് അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല. നേരിട്ട രണ്ടാം പന്തിൽ ജെമിമയും പുറത്ത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെന്ന സ്കോറിലെത്തിയത്. ഓപ്പണർമാരായ എലിസ ഹീലിയും ബെത്ത് മൂണിയും കങ്കാരുപ്പടയ്ക്കായി അർധസെഞ്ചുറി തികച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായിക മെഗ് ലാന്നിങ്ങിന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ഓപ്പണർമാരുടെ പ്രകടനം. ഇന്ത്യൻ ബോളർമാരെ നിരന്തരം ബൗണ്ടറി പായിച്ച ഹീലി-മൂണി സഖ്യം അതിവേഗം സ്കോർബോർഡ് ഉയർത്തി.