സെന്റ് ലൂയിസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ താരമായി ഷഫാലി വര്‍മ. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 30 കൊല്ലം പഴക്കമുള്ള റെക്കോര്‍ഡാണ് ഷഫാലി തിരുത്തിക്കുറിച്ചിരിക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡാണ് ഷഫാലി സ്വന്തമാക്കിയത്. അര്‍ധ സെഞ്ചുറി നേടുമ്പോള്‍ ഷഫാലിയുടെ പ്രായം വെറും 15 വയസാണ്. 1989 ലായിരുന്നു സച്ചിന്റെ അര്‍ധ സെഞ്ചുറി. അന്ന് അദ്ദേഹത്തിന് പ്രായം 16 വയസും 214 ദിവസവുമായിരുന്നു. ആ റെക്കോര്‍ഡാണ് ഷഫാലി പഴങ്കഥയാക്കിയിരിക്കുന്നത്.
അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ജയിച്ചതോടെ ഇന്ത്യന്‍ പെണ്‍പട തുടക്കത്തിലേ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 84 റണ്‍സിനായിരുന്നു ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തുകളഞ്ഞത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മയുടെയും സ്മൃതി മന്ദാനയുടെയും മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് ഇന്ത്യ എടുത്തത്.
ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ വിന്‍ഡീസ് ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പക്ഷെ വിന്‍ഡീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഓപ്പണിങ് സഖ്യം കത്തിക്കയറി. ഷഫാലിയും മന്ദാനയും ചേര്‍ന്ന് 143 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഷഫാലിയാണ് കൂടുതല്‍ ആക്രമിച്ചുകളിച്ചത്. താരം 49 പന്തുകളില്‍നിന്നു 73 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ മന്ദാന 46 പന്തില്‍ 67 റണ്‍സുമായി ഒപ്പത്തിനൊപ്പം കളിച്ചു.
ആറ് ഫോറും നാല് സിക്സുമടങ്ങുന്നതായിരുന്നു ഷഫാലിയുടെ വെടിക്കെട്ട്. ഷഫാലിയുടെ ആദ്യ രാജ്യാന്തര അര്‍ധ സെഞ്ചുറിയാണിത്. അഞ്ചാമത്തെ ടി20 മത്സരത്തിലാണ് താരത്തിന്റെ നേട്ടം.
ഈ പ്രകടനം മന്ദാനയ്ക്കും ഷഫാലിയ്ക്കും പുതിയൊരു റെക്കോര്‍ഡും നേടിക്കൊടുത്തു. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് മന്ദാനയും ഷഫാലിയും നേടിയത്. 2013 ല്‍ തിരുഷ് കമിനിയും പൂനം റൗത്തും ചേര്‍ന്നു നേടിയ 130 റെക്കോര്‍ഡാണ് ഇരുവരും തിരുത്തിയത്. 16-ാം ഓവറില്‍ ഷഫാലി പുറത്താകുന്നതോടെയാണ് കൂട്ടുകെട്ട് തകര്‍ന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് പക്ഷെ 101 റണ്‍സ് മാത്രമാണ് എടുക്കാനായത്.