ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ വെല്ലുവിളിച്ച് ഒളിമ്പിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സാക്ഷി മാലിക്ക്. നിരപരാധിയാണെന്ന് ഉറപ്പാണെങ്കില്‍ നുണ പരിശോധനയ്ക്ക് തയാറാകാമോയെന്ന് സാക്ഷി ചോദിച്ചു.
ബ്രിജ് ഭൂഷന്‍ അംഗമായ ഫെഡറേഷന്‍ നടത്തുന്ന മത്സരങ്ങള്‍ തടയുമെന്നും സമരമുഖത്തുള്ള ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി.
“നുണപരിശോധനയ്ക്ക് വിധേയനാകാന്‍ ഡബ്ല്യുഎഫ്ഐ തലവനെ ഞാന്‍ വെല്ലുവിളിക്കുന്നു. ഞങ്ങളും പരിശോധനയ്ക്ക് വിധേയരാകാന്‍ തയാറാണ്. സത്യം പുറത്ത് വരട്ടെ. ആരാണ് പ്രതിയെന്നും നിരപരാധിയെന്നും തിരിച്ചറിയാനാകും,” സാക്ഷി വ്യക്തമാക്കി.
“എല്ലാ മത്സരങ്ങളും ഐഒഎയുടെ പാനലിന് കീഴിൽ നടക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഡബ്ല്യുഎഫ്‌ഐ മേധാവി ഏതെങ്കിലും വിധത്തിൽ ഇടപെടുകയാണെങ്കിൽ, ഞങ്ങൾ അതിനെ എതിർക്കും,” ഒളിമ്പിക് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ പറഞ്ഞു.
അന്വേഷണം മന്ദഗതിയില്‍ പോകുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച കറുത്ത ബാന്‍ഡ് ധരിച്ചായിരിക്കും ഗുസ്തി താരങ്ങള്‍ സമരപന്തലില്‍ എത്തുക.
ഏഴ് വനിത താരങ്ങളുടെ ലൈംഗികാരോപണത്തില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതു വരെ സമരം തുടരുമെന്നാണ് ഗുസ്തി താരങ്ങളുടെ പ്രഖ്യാപനം.