മുംബൈ: പാക്കിസ്ഥാനെ ബഹിഷ്‌കരിക്കണമെന്നുള്ള ബിസിസിഐയുടെ അപേക്ഷ ഐസിസി നിരസിച്ചു. ഇതുപോലുള്ള വിഷയങ്ങളില്‍ ഐസിസിക്ക് റോളില്ലെന്നാണ് നിലപാട്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തരുതെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെയായിരുന്നു ബിസിസിഐയുടെ കത്ത്.

ക്രിക്കറ്റുമായി മാത്രം ബന്ധപ്പെട്ട വിഷയങ്ങളിലേ ഐസിസിക്ക് നിലപാട് എടുക്കാനുവകയുള്ളൂ. ഇത് രാജ്യങ്ങളുടെ വിഷയമാണന്നും തീരുമാനം സര്‍ക്കാരിന്റേതാണെന്നും ഐസിസി തലവന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കുകയായിരുന്നു. അതേസമയം, താരങ്ങളുടെ സുരക്ഷ സംബന്ധിച്ച ബിസിസിഐയുടെ ആശങ്ക പരിഗണിക്കുന്നുവെന്നും വേണ്ട നടപടികളെല്ലാം സ്വീകരിച്ചെന്നും ഐസിസി ഉറപ്പു നല്‍കി.

അതേസമയം, ബിസിസിഐ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത അമിതാഭ് ചൗധരി മൗനം പാലിച്ചതും ശ്രദ്ധേയമായി. പാക്കിസ്ഥാന്‍ ലീഗില്‍ കളിക്കുന്ന നിരവധി താരങ്ങള്‍ ഐസിസി അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്. അതുകൊണ്ട് ബഹിഷ്‌കരണം അവരെ ബാധിക്കുമെന്നും ഐസിസി പറഞ്ഞു.

ജൂണ്‍ 16 നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. കളി ബഹിഷ്‌കരിക്കണമോ എന്ന തീരുമാനം കേന്ദ്ര സര്‍ക്കാരിന് വിട്ടിരിക്കുകയാണ് ബിസിസിഐ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook